ഭരണം എന്നതുകൊണ്ട് സേവനം എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ഭരണം എന്നതുകൊണ്ട് സേവനം എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സേവനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ബോധം വേണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

നല്ലൊരു വിഭാഗം ഉദ്യോഗസ്ഥരും ജനങ്ങള്‍ക്കായി ത്യാഗസന്നദ്ധമായി പ്രവര്‍ത്തിക്കുന്നവരാണ് എന്നാല്‍ ചിലര്‍ക്ക് അത് ഇനിയും സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപന പ്രതിനിധികളുമായി സംവദിക്കുന്ന നവകേരള തദ്ദേശകം പരിപാടിയില്‍ എറണാകുളത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് യാഥാര്‍ത്ഥ്യമായത് ചരിത്രപരമായ നേട്ടമാണ്. ഫയലുകള്‍ കൈമാറിക്കൈമാറി വരുന്ന രീതി ഇനി വേണ്ട. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഫയലുകളില്‍ കുറിയെഴുതി താഴേക്ക് കൊടുക്കുന്ന രീതി ഉണ്ടാവരുത്. ഉദ്യോഗസ്ഥര്‍ ഫയലുകളിലുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിന് അപേക്ഷകരെ സഹായിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

പാവപ്പെട്ടവരും അസംഘടിതരും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരുമായ സാധാരണ ജനങ്ങളോടാണ് സര്‍ക്കാരിന്റെ പ്രതിബദ്ധതയെന്നും മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.

Top