യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മഹത്യാ സ്‌ക്വാഡെന്ന് എം.വി ഗോവിന്ദന്‍

കണ്ണൂര്‍: ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും അതിനെ അപലപിക്കണ്ട ആവശ്യമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആസൂത്രിതമായ ആക്രമമാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ഒരു കയ്യേറ്റത്തിനും സിപിഐഎം തയ്യാറല്ല. ഇത് പരിപാടിയുടെ ശ്രദ്ധ മാറ്റാന്‍ കോണ്‍ഗ്രസ് ഗൂഡാലോചന ചെയ്തു നടത്തിയ അക്രമമാണ്. ഒരു തരത്തിലുള്ള അക്രമത്തിനെയും സിപിഐഎം പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവ കേരള സദസ്സിന് നേരെ ഉണ്ടായത് ഭീകരവാദ ഭീകര പ്രവര്‍ത്തനമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. നടന്നത് പ്രതിഷേധമല്ല ഭീകരപ്രവര്‍ത്തനമാണ്. മുഖ്യമന്ത്രിയെ അപായപ്പെടുത്തല്‍ ആണ് ഉണ്ടായത്. നടന്നത് ജനാധിപത്യ പ്രതിഷേധം അല്ല. അക്രമ സ്വഭാവമാണ് യു.ഡി.എഫ്. കാണിക്കുന്നത്- ഇ.പി. ജയരാജന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും നവകേരളത്തിനെതിരെയുള്ള പ്രതിഷേധം ജനങ്ങള്‍ അവഗണിച്ച് കളയണമെന്നും മന്ത്രി പി. രാജീവ് പ്രതികരിച്ചു. പ്രതിപക്ഷം സഹകരിച്ചിരുന്നുവെങ്കില്‍ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് പ്രധാനപ്പെട്ട ഇടമുണ്ടാകുമായിരുന്നു. എന്ത് വിമര്‍ശനവും വിയോജിപ്പും ജനങ്ങളെ സാക്ഷി നിര്‍ത്തി പറയാനുള്ള അവസരമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത്.

ഇത് വിപുലമായ പുതിയ ജനാധിപത്യ സംവിധാനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ആലുവയില്‍ ക്രൂരമായ കുറ്റകൃത്യമാണുണ്ടായത്. 100 ദിവസം കൊണ്ടാണ് വിചാരണ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമാണ്. ആരെങ്കിലും 2 പേര്‍ കൊടിയുമായെത്തുന്നതാണോ പ്രതിഷേധമെന്നും മന്ത്രി പി. രാജീവ് ചോദിച്ചു.

ചാവേര്‍ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധത്തിന് ഇറങ്ങിയതെന്നും കല്ലുമായാണ് അക്രമിക്കാന്‍ എത്തിയതെന്നും സിപിഐഎം നേതാവ് എം.വി ജയരാജന്‍ ആരോപിച്ചു. അക്രമങ്ങള്‍ അപലപനീയമാണ്. പായസത്തില്‍ വിഷം ചേര്‍ക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അത്തരം വിഷവിത്തുക്കളെ തിരിച്ചറിയുകയാണ് വേണ്ടത്. സംഘാടകര്‍ പ്രകോപനത്തില്‍ വീണുപോകരുതെന്നും ഇങ്ങോട്ട് അടിച്ചാലും അങ്ങോട്ട് അടിക്കണ്ട എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Top