‘പ്രതിപക്ഷം ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുമോ ഇല്ലയോയെന്ന് താന്‍ പറയുന്നില്ല’; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മറ്റു പലതിലും എടുത്ത നിഷേധാത്മക സമീപനമല്ല ഇടതുമുന്നണിയുടെ ഡല്‍ഹി സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സ്വീകരിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷം ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുമോ ഇല്ലയോയെന്ന് താന്‍ പറയുന്നില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കേന്ദ്രം കേരളത്തെ ആക്രമിക്കുന്നുവെന്നും കേന്ദ്രം ജനങ്ങളോടാണ് യുദ്ധം പ്രഖ്യാപിച്ചതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല ചരിത്രം കുറിക്കുമെന്ന് സൂചിപ്പിച്ച എം വി ഗോവിന്ദന്‍ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധമായിരിക്കും ഇതെന്നും വ്യക്തമാക്കി. വര്‍ഗീയവാദികള്‍ ഒഴികെയുള്ളവരെ ചങ്ങലയില്‍ അണിനിരത്തും. യൂത്ത് കോണ്‍ഗ്രസുകാരനെയും യൂത്ത് ലീഗുകാരനെയും പങ്കെടുപ്പിക്കാമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.മണിപ്പൂര്‍ കലാപം പോലെ ഇന്ത്യയില്‍ എവിടെയും കലാപം ഉണ്ടാവാം. അത് മനഃപൂര്‍വം ആസൂത്രണം ചെയ്യുന്നതാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അടുത്ത മാസം എട്ടിനാണ് ജന്തര്‍ മന്ദിറിലാണ് സമരം. സമാന ചിന്താഗതിയുള്ള മറ്റ് സംസ്ഥാന ഭരണ നേതാക്കളെയും സമരത്തിന് ക്ഷണിക്കും. ബിജെപി വിരുദ്ധരുടെ വിശാല പ്ലാറ്റ് ഫോമായാണ് ഡല്‍ഹി സമരത്തെ ഇടതുമുന്നണിയും സര്‍ക്കാരും വിഭാവനം ചെയ്തിരിക്കുന്നത്.

Top