ആകാശ് തില്ലങ്കേരി ഉൾപ്പെടെ ആരുടേയും വാൽ സിപിഎമ്മിന്റെ തോളിൽ ഇല്ലെന്ന് എം വി ഗോവിന്ദൻ

മലപ്പുറം : ആകാശ് തില്ലങ്കേരി ഉൾപ്പെടെ ആരുടേയും വാൽ സിപിഎമ്മിന്റെ തോളിൽ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറത്ത് പുരോ​ഗമിക്കുന്നതിനിടെ തിരൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക സർവകലാശാലയിൽ ഗവർണറുടെ ഇടപെടൽ പ്രതിഷേധാർഹമാണെന്നും വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസിന്റെ കാവിവൽക്കരണത്തിന്റെ ഭാഗമാണ് ഇതെന്നും ഗോവിന്ദൻ പറഞ്ഞു.

പത്തനംതിട്ട പണപ്പിരിവിൽ ആവശ്യമായ നടപടി സ്വീകരിക്കും. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തെറ്റുകൾ ഉണ്ടെങ്കിൽ പാർട്ടി തീരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം മുസ്ലിം ലീ​ഗ് എൽഡിഎഫിലേക്ക് വരാനുള്ള സാധ്യതയും എം വി ​ഗോവിന്ദൻ തള്ളി. ലീഗിന് എൽഡിഎഫിൽ വരാനാകില്ല. ഇപ്പോഴത്തെ നിലപാടുമായി ലീഗിന് എൽഡിഎഫിലേക്ക് വരാനാകില്ല. ലീഗിന്റെ മതേതരത്വ ആഗോളവത്കരണ നിലപാടുകൾ ഇടതിനോടൊപ്പമാകണം. എങ്കിൽ മാത്രമേ മുന്നണി പ്രവേശം സാധ്യമാകൂ. ഇപ്പോൾ ലീഗാണ് യുഡിഎഫിന്റെ നട്ടെല്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. കെഎസ്ആർടിസി വിദ്യാർഥി കൺസഷൻ ഇളവിലെ നിയന്ത്രണം പാർട്ടി പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Top