MV Agusta Brutale 800 to Be Launched in July 2016

ഇറ്റാലിയന്‍ ബൈക്ക് ബ്രൂട്ടലെയുടെ ഏറ്റവും വില കുറഞ്ഞ മോഡലായ ബ്രൂട്ടലെ 800 ജൂലായില്‍ വിപണിയിലെത്തും. എം.വി. ബ്രൂട്ടലെ 800 ആണ് പുതിയ മുഖം.

1314 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ഈ ബൈക്ക് 2016 ജൂലായിലായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക. ബ്രൂട്ടലെ സീരീസിലെ ഏറ്റവും വില കുറഞ്ഞ ബൈക്കാണിത്. നേരത്തെ ബ്രൂട്ടലെ 800 വിപണിയിലിറക്കാനായിരുന്നു എം.വി. അഗസ്റ്റയുടെ പദ്ധതി.

പിന്നീട് ഇത് ഉപേക്ഷിച്ച് ഇറ്റാലിയന്‍ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച പുതിയമോഡലാണ് ഇന്ത്യയില്‍ ഇറക്കുന്നത്. കൈനറ്റിക്കുമായി ചേര്‍ന്നാണ് ബൈക്ക് ഇന്ത്യയിലെത്തിക്കുന്നത്. കൈനറ്റിക്കിന്റെ വിപണന ശൃംഖലയായ മോട്ടോറോയലെ വഴിയാവും വില്‍പ്പന. motoroyale.in എന്ന വെബ്‌സൈറ്റ് വഴി ബൈക്ക് ബുക്ക് ചെയ്യാം.

യന്ത്ര ഘടകങ്ങള്‍ ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത് കൈനറ്റിക്കിന്റെ പുണെയിലെ ഫാക്ടറിയില്‍ വച്ച് അസംബിള്‍ ചെയ്യാനാണ് പദ്ധതി. ഇറ്റലിയില്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ നിന്ന് ഫ്യൂയല്‍ ടാങ്ക്, എക്‌ഹോസ്റ്റ്, എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ് എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എഞ്ചിന്‍ കരുത്തിലുമുണ്ട് നേരിയ കുറവ്.

125 ബി.എച്ച്.പിക്ക് പകരം 116 ബി.എച്ച്.പി.യാണ് ഇവിടെ ലഭ്യമാവുക. എന്നാല്‍, പരമാവധി ടോര്‍ക്ക് 80 എന്‍.എമ്മില്‍ നിന്ന് 83 എന്‍.എം ആയി ഉയര്‍ത്തി. കംബ്രഷനില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. ഭാരവും അല്‍പം കൂടി. 175 കിലോഗ്രാം ഭാരമുണ്ട് ഇന്ത്യയിലിറങ്ങുന്ന മോഡലിന്.

മുന്നില്‍ മാര്‍സോച്ചി ഫ്രണ്ട് ഫോര്‍ക്കും പിറകില്‍ സാഷ് മോണോസ്‌ട്രോക്ക് സസ്പന്‍ഷനുമാണ് ഉപയോഗിച്ചിരിക്കുന്നത്. എം.വി. ബ്രൂട്ടലെയുടെ 16.2 ലക്ഷം രൂപ വിലവരുന്ന മോഡലും 1819 ലക്ഷം രൂപ വില വരുന്ന ബ്രൂട്ടലെ 1090 മോഡലും വിപണിയിലുണ്ട്.

Top