ഷെല്‍ട്ടര്‍ ഹോമിലെ കുട്ടികള്‍ കൊല്ലപ്പെട്ടിട്ടില്ല, അവര്‍ ജീവനോടെയുണ്ട്; സിബിഐ

ന്യൂഡല്‍ഹി: ബിഹാര്‍ മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ കൊല്ലപ്പെട്ടെന്ന് സംശയിച്ചിരുന്ന 35 പെണ്‍കുട്ടികളും ജീവനോടെയുണ്ടെന്ന് സിബിഐ. ഷെല്‍ട്ടര്‍ ഹോമില്‍ കണ്ടെത്തിയ അസ്ഥികൂടം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടേതല്ലെന്നും സിബിഐ വ്യക്തമാക്കി.

ഏറെ വിവാദമായ മുസഫര്‍പുര്‍ കൂട്ടബലാത്സംഗക്കേസില്‍ ഇന്നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2018 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്ന് കുറ്റം പത്രം സമര്‍പ്പിച്ചത്. മുസഫര്‍പൂരിലെ സേവ സങ്കല്‍പ് വികാസ് സമിതി എന്ന എന്‍ജിഒയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഷെല്‍ട്ടര്‍ ഹോമിലെ 34 കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായി ആയിരുന്നു കേസ്.

കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അഭയകേന്ദ്രത്തില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഇത് കുട്ടികളുടേതാകാമെന്നും കേസിലെ മുഖ്യപ്രതിയായ ബ്രജേഷ് ഠാക്കൂര്‍ 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതായി കരുതുന്നുണ്ടെന്നും സിബിഐ കഴിഞ്ഞവര്‍ഷം സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.

മുസാഫര്‍പുരിനൊപ്പം ബിഹാറിലെ ആകെ 17 ഷെല്‍ട്ടര്‍ ഹോമുകളെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്.പതിനേഴ് ഷെല്‍ട്ടര്‍ ഹോമുകളുമായി ബന്ധപ്പപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു.

Top