മുസാഫര്‍പൂര്‍ പീഡന കേസ് ; ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഭാര്യക്കെതിരെ അറസ്റ്റ് വാറണ്ട്

arrest

ബീഹാര്‍ : മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പീഡനകേസുമായി ബന്ധപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഭാര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. കേസുമായി ബന്ധപ്പെട്ട് സസ്‌പെന്റിലായ ഓഫീസര്‍ രവി റോഷന്റെ ഭാര്യ ഷിബ കുമാരി സിങിനെതിരെയാണ് അറസ്‌ററ് വാറണ്ട് പ്രഖ്യാപിച്ചത്.

സാമൂഹ്യ മാധ്യമത്തില്‍ പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ പേരും ചിത്രവും വെളിപ്പെടുത്തി എന്നതാണ് കേസ്. കഴിഞ്ഞ ദിവസമാണ് കേസിലെ പ്രധാനപ്രതിയായ ബ്രജേഷ് താക്കൂറില്‍ നിന്ന് 40 ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയത്. ഇയാളെ പാര്‍പ്പിച്ചിരിക്കുന്ന മുസഫര്‍പുര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് ഫോണ്‍ നമ്പരുകള്‍ അടങ്ങിയ കടലാസ് കണ്ടെത്തിയത്.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് 40 പേരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എഴുതിയ രണ്ട് പേപ്പറുകള്‍ താക്കൂറില്‍ നിന്ന് കണ്ടെത്തിയത്. ഉന്നതരായ ചിലരുടെ ഫോണ്‍ നമ്പരുകളാണ് ഇതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജൂണ്‍ രണ്ടിന് അറസ്റ്റിലായ താക്കൂര്‍ രണ്ടു ദിവസം മാത്രമാണ് ജയിലില്‍ താമസിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ജയിലിലെ മെഡിക്കല്‍ വാര്‍ഡിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. പാറ്റ്‌ന ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് സിബിഐ അന്വേഷണം.

മുസഫര്‍പൂരിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ ക്രൂരപീഡനമാണ് കഴിഞ്ഞ കാലങ്ങളില്‍ നേരിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സംഗീത സാഹ്നിയുടെ വാക്കുകള്‍ പ്രകാരം ബ്രിജേഷിന്റെ നിയന്ത്രണത്തിലുള്ള ഷെല്‍ട്ടര്‍ ഹോം ഒരു വേശ്യാലയമായാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.

പീഡനത്തിനിരയായി ഗര്‍ഭിണിയാകുന്ന പെണ്‍കുട്ടികളുടെ ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഒരു ഓപ്പറേഷന്‍ തിയറ്ററും ഷെല്‍ട്ടര്‍ ഹോമില്‍ പ്രവര്‍ത്തിച്ചിരുന്നു. പീഡിപ്പിച്ച മൂന്നുപേരെ സംബന്ധിച്ചാണ് പെണ്‍കുട്ടികള്‍ കാര്യമായി മൊഴി നല്‍കിയത്. ഇവരുടെ ശരീര പ്രത്യേകതകളും രൂപവും മാത്രമാണ് പെണ്‍കുട്ടികള്‍ക്കു പോലീസിനോടു വിവരിക്കാന്‍ കഴിഞ്ഞത്. ഇവരില്‍ ഒരാള്‍ ഷെല്‍ട്ടര്‍ ഹോം ഉടമയായ ബ്രിജേഷ് താക്കൂറാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞു.

ഏഴുവയസുള്ള കുട്ടിയുള്‍പ്പെടെ 33 പെണ്‍കുട്ടികളാണ് മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.

Top