സംഘര്‍ഷ മേഖലയില്‍ നിന്ന് സേന പിന്മാറ്റത്തിന് ഇന്ത്യ- ചൈന ധാരണ ?

ന്യൂഡല്‍ഹി: അതിർത്തിയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച ഫലം കാണുന്നു.കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും ധാരണയായി. തിങ്കളാഴ്ച നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇരുവിഭാഗം സൈന്യവും പിന്‍വാങ്ങാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ച സൗഹാര്‍ദ്ദപരവും ക്രിയാത്മവുമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കിഴക്കൻ ലഡാക്കിലെ മുഴുവൻ സംഘർഷമേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്ന കാര്യം ഇരുരാജ്യങ്ങളും ചർച്ച ചെയ്തെന്നും ഇക്കാര്യത്തിൽ പരസ്പരം വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാൻ ധാരണയായെന്നും കരസേന അറിയിച്ചു.

അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോയിലെ മീറ്റിങ് പോയിന്റിലാണ് ഇന്നലെ കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ച നടന്നത്. ലേ ആസ്ഥാനമായുള്ള കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.ഇതു രണ്ടാം തവണയാണ് പശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ലഫ്. ജനറല്‍ തലത്തിലുള്ളവര്‍ ചര്‍ച്ച നടത്തുന്നത്. ഇതിന് മുമ്പ് ജൂണ്‍ ആറിനായിരുന്നു ആദ്യം ചര്‍ച്ച നടന്നത്.

കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍നിന്നു സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ധാരണയുമായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി.

ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ജൂൺ 15 ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യ വരിച്ചത്. 45 വർഷത്തിന് ശേഷം ചൈനയുമായുണ്ടാകുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് കഴിഞ്ഞ തിങ്കളാഴ്ച ഗൽവാനിലുണ്ടായത്.

Top