മുട്ടില്‍ മരംമുറിക്കേസ്; വിവാദ ഉത്തരവില്‍ വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി രേഖകള്‍

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു. മരംകൊള്ളയ്ക്ക് കാരണമായ വിവാദ ഉത്തരവിലെ പഴുതുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ ചൂണ്ടിക്കാട്ടിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

മരംകൊള്ള നടന്ന മുട്ടില്‍ മേഖലയില്‍ ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവാണ് വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മരംകൊള്ളയ്ക്ക് കാരണമായത്.

വയനാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടിരുന്നുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. സൗത്ത് വയനാട് ഡിഎഫ്ഒ ജില്ലാ കളക്ടര്‍ക്ക് അയച്ച കത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

ഉത്തരവിന്റെ മറവില്‍ കര്‍ഷകര്‍ വച്ചുപിടിപ്പിച്ചതെന്ന വ്യാജേന പട്ടയത്തില്‍ രേഖപ്പെടുത്തിയ മരങ്ങള്‍ മുറിക്കാന്‍ സാധ്യതയുണ്ടെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മുട്ടില്‍ സൗത്ത് വില്ലേജ് ഉള്‍പ്പെടെ വിവിധ റേഞ്ചുകളില്‍ നിന്ന് ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തുടങ്ങുന്നതായും കത്തില്‍ പറയുന്നു.

 

Top