മുട്ടില്‍ മരംമുറി കേസ്: രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: വൈത്തിരി ചെക്ക്‌പോസ്റ്റില്‍ നിന്ന് ഈട്ടിമരം കടത്തിയ ദിവസം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ വനംവകുപ്പ് സസ്‌പെന്റ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഇ പി ശ്രീജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി എസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ്കുമാര്‍ ഐ എഫ് എസ് സസ്‌പെന്റ് ചെയ്തത്.

അതേസമയം, കേസില്‍ റോജി അഗസ്റ്റിന്‍ അടക്കം മൂന്ന് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നാളെ വാദം തുടരും. പട്ടയ ഭൂമിയില്‍ നിന്നാണ് തങ്ങള്‍ മരം മുറിച്ചതെന്നും റിസര്‍വ് വനമല്ല മുറിച്ച് മാറ്റിയതെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. പട്ടയഭൂമിയിലെ മരംമുറിയക്ക് അനുമതി തേടി അപേക്ഷ നല്‍കിരുന്നു.

20 ദിവസമായിട്ടും മറുപടി ഇല്ലാതെ വന്നതോടെയാണ് മരം മുറിച്ചതെന്നും പ്രതികള്‍ വാദിച്ചു. എന്നാല്‍ റിസര്‍വ്വ് മരം തന്നെയാണ് പ്രതികള്‍ മുറിച്ചതെന്നും അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ നാളെ 2.30 നാണ് വാദം തുടരുക.

Top