മുട്ടില്‍ മരംമുറിക്കല്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.

മുറിച്ചുകടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.

എന്നാല്‍, പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവു നശിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികളില്‍ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടായെന്നും സുരക്ഷ ആവശ്യപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്നും സര്‍ക്കര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തങ്ങള്‍ക്കെതിരെ ഉയരുന്നത് കേവലം ആരോപണങ്ങള്‍ മാത്രമാണെന്നും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറയാണ് കേസെന്നുമായിരുന്നു പ്രതികളുടെ മറുവാദം.

അതേസമയം, പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.

Top