സമവായ ചര്‍ച്ച പരാജയം ; മുത്തൂറ്റിലെ സമരം തുടരും

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി പി ടി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമവായ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം തുടരും. ചര്‍ച്ചയില്‍ ചില വിഷയങ്ങളില്‍ ധാരണ ഉണ്ടായതായും എന്നാല്‍ കുറച്ച് കാര്യങ്ങളില്‍ തീരുമാനമെടുക്കാനായില്ലെന്നും മന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം നിലവിലെ സാഹചര്യം ഒരു മാറ്റവുമില്ലാതെ തുടരുമെന്ന് മുത്തൂറ്റ് സമര സമിതി വ്യക്തമാക്കി. ശമ്പള വര്‍ദ്ധനവടക്കമുള്ള കാര്യങ്ങളില്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ബോണസും പിടിച്ച് വെച്ച ശമ്പളവും നല്‍കാമെന്ന് കമ്പനി അധിക്യതര്‍ അറിയിച്ചെങ്കിലും പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് അറിയിച്ചു.

മന്ത്രി ടി പി രാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്‌സാണ്ടര്‍ മടങ്ങുകയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സില്‍ ഇപ്പോഴുള്ളത് തൊഴില്‍ തര്‍ക്കമല്ല ക്രമസമാധാന പ്രശ്‌നമാണ്. സമരം മുന്നോട്ടു പോയാല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ പൂട്ടേണ്ടി വരുമെന്നും നിലവില്‍ 43 ബ്രാഞ്ചുകള്‍ പൂട്ടുന്നതിന് ആര്‍ബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നും എംഡി പറഞ്ഞു.

ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സി.ഐ.ടി.യുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. ഒരു വശത്ത് സമരം ചെയ്യുന്ന ജീവനക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോള്‍ ജോലിയെടുക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എം.ഡിയടക്കം മറുവശത്ത് കുത്തിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയിരുന്നത്.

Top