മുത്തൂറ്റ് തൊഴില്‍തര്‍ക്കം; കേസ് ഇന്ന് ഹൈക്കോടതിയിലേക്ക്

കൊച്ചി: മുത്തൂറ്റ് തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ച മാറ്റിവയ്കാകന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മുത്തൂറ്റ് സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ മാറ്റാന്‍ കോടതി നിര്‍ദേശിച്ചത്. കേസ് ഇന്ന് പരിഗണിക്കുമ്പോള്‍ ചര്‍ച്ചകള്‍ തുടരുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. മുത്തൂറ്റ് സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിഐടിയു യോഗം തീരുമാനിച്ചിരുന്നു.

മുത്തൂറ്റ് ഫിനാന്‍സിലെ സമരം സംസ്ഥാന വ്യാപകമാക്കാനാണ് സിഐടിയുവിന്റെ തീരുമാനം. ഇതിനായി എല്ലാ ബ്രാഞ്ചുകളും കേന്ദ്രീകരിച്ച് സമര സഹായ സമിതികള്‍ രൂപീകരിക്കും. മുത്തൂറ്റ് ഫിനാന്‍സിന്റെ 43 ശാഖകള്‍ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തതിന് എതിരെ സിഐടിയു 45 ദിവസത്തിലധികമായി സമരം നടത്തി വരികയാണ്. പ്രശ്‌നം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സിഐടിയു സമരം കൂടുതല്‍ ശക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ ജില്ലാ തലത്തില്‍ സമര സഹായ സമിതികള്‍ രൂപീകരിക്കും. ജില്ലകള്‍ തോറും സമര കേന്ദ്രങ്ങളും ആരംഭിക്കും. തുടര്‍ന്ന് എല്ലാ ബ്രാഞ്ചുകള്‍ക്കു മുന്നിലും ഉപരോധം നടത്താനാണ് ആലോചിക്കുന്നത്.

Top