മുത്തൂറ്റ് സമരം; സിഐടിയുവിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന സമരത്തില്‍ തൊഴിലാളി സംഘടനയായ സിഐടിയുവിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമരം അവഗണിച്ച് ജോലിക്കെത്തിയ ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.

ഇങ്ങനെയാണോ പ്രശ്‌ന പരിഹാരമുണ്ടാക്കേണ്ടതെന്ന് ചോദിച്ച കോടതി സിഐടിയു ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും താക്കീത് നല്‍കി. ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഇനി കോടതി പറഞ്ഞിട്ട് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയതാല്‍ മതിയെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം സിഐടിയു അക്രമ സംഭവങ്ങളെ അപലപിക്കുന്നുവെന്ന് കോടതിയില്‍ അറിയിച്ചു. ജീവനക്കാരെ ആക്രമിച്ച കുറ്റക്കാരെ സിഐടിയു സംരക്ഷിക്കില്ലെന്നും തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചയുമായി കോടതി മുന്നോട്ടുപോകണമെന്നും സിഐടിയു കോടതിയില്‍ ആവശ്യപ്പെട്ടു.

സമരത്തിന്റെ ഭാഗമായി ഇന്നലെ മുത്തൂറ്റിന്റെ കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത് സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളം ഒഴിച്ചിരുന്നു.

രാവിലെ ഓഫീസ് തുറക്കാന്‍ എത്തിയ അനിതാ ഗോപാലന്‍ എന്ന യുവതിയുടെ നേരെയാണ് അക്രമം നടന്നത്. ഓഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ്, സമരക്കാര്‍ അതിക്രമം നടത്തിയത്. തടര്‍ന്ന് യുവതി കട്ടപ്പന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരത്തെ തുടര്‍ന്ന് കുറെ ദിവസങ്ങളായി ഓഫീസ് അടഞ്ഞ് കിടക്കുകയായിരുന്നു.

മുത്തൂറ്റ് ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടക്കുകയാണ്. ജീവനക്കാര്‍ക്കെതിരെ നേരത്തെയും അതിക്രമം നടന്നിരുന്നു. നേരത്തെ മുത്തൂറ്റ് എംഡിക്ക് നേരെയും സമരക്കാര്‍ അക്രമം അഴിച്ച് വിട്ടിരുന്നു.

Top