മുത്തൂറ്റ് ഫിനാന്‍സിലെ സമരം സംസ്ഥാന വ്യാപകമാക്കാന്‍ സിഐടിയു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ സമരം സംസ്ഥാന വ്യാപകമാക്കാന്‍ സിഐടിയുവിന്റെ തീരുമാനം. ഇതിനായി എല്ലാ ബ്രാഞ്ചുകളും കേന്ദ്രീകരിച്ച് സമര സഹായ സമിതികള്‍ രൂപീകരിക്കും. സമര സഹായ സമിതിയുടെ സംസ്ഥാനതല രൂപീകരണ യോഗം കൊച്ചിയില്‍ നടന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ 43 ശാഖകള്‍ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തതിന് എതിരെ സിഐടിയു 45 ദിവസത്തിലധികമായി സമരം നടത്തി വരികയാണ്.

പ്രശ്‌നം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സിഐടിയു സമരം കൂടുതല്‍ ശക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ ജില്ലാ തലത്തില്‍ സമര സഹായ സമിതികള്‍ രൂപീകരിക്കും. ജില്ലകള്‍ തോറും സമര കേന്ദ്രങ്ങളും ആരംഭിക്കും. തുടര്‍ന്ന് എല്ലാ ബ്രാഞ്ചുകള്‍ക്ക് മുന്നിലും ഉപരോധം നടത്താനാണ് ആലോചിക്കുന്നത്.

Top