muthoot finance-raid-800 crores-Income tax Department

തിരുവനന്തപുരം : മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇതുവരെ 800 കോടിയുടെ അനധികൃത പണം പിടിച്ചെടുത്തെന്ന് ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടുമാസമെടുക്കുമെന്നും ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ചീഫ് കമ്മീഷണര്‍ പ്രണബ് കുമാര്‍ ദാസ് പറഞ്ഞു.

സംശയകരമായ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ തേടിയുളള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത് ലഭിച്ചു. കൃത്യമായി കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കുമെന്നും പ്രണബ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞമാസം മുത്തൂറ്റിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഒരേ സമയത്താണ് റെയ്ഡ് നടന്നത്. റെയ്ഡിനെ തുടര്‍ന്ന് മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് ഫിനാന്‍സ്, മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരുന്നത്.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ഫൈനാന്‍സിയേഴ്‌സ് സ്ഥാപനങ്ങളാണ് മുത്തൂറ്റിനുളളത്.

Top