മുത്തലാഖ് ; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് സൈറാ ബാനു

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് പരാതിക്കാരിയും മുത്തലാഖിന്റെ ഇരയുമായ സൈറാ ബാനു.

കോടതി വിധിയില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

വിധി വന്ന ഇന്ന് മുസ്ലിം വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഐതിഹാസിക ദിനമാണ്. മുസ്ലിം വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചതിനു ശേഷം മാത്രം സംസ്ഥാനങ്ങള്‍ ഇതില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സൈറാ ബാനു ആവശ്യപ്പെട്ടു.

മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട് സൈറാ ബാനു അടങ്ങുന്ന സംഘമാണ് കോടതിയെ സമീപിച്ചത്.

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയാ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീംകോടതി നിര്‍ണായകമായ ഈ വിധിപ്രസ്താവം നടത്തിയത്. മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു വാദം കേട്ട ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷാഭിപ്രായം.

15 വര്‍ഷത്തെ വിവാഹബന്ധം ഫോണിലൂടെയാണ് സൈറ ബാനുവിന്റെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ചത്.

ഇവര്‍ക്കൊപ്പം കത്ത് വഴി മൊഴി ചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട ഇഷ്‌റത്ത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.

ഇവരുടെ ഹര്‍ജികള്‍ക്ക് പുറമേ 2015 ഒക്ടോബറില്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും ആദര്‍ശ് കുമാര്‍ ഗോയലും പരിഗണിച്ച മുത്തലാഖ് പൊതുതാല്‍പ്പര്യ ഹര്‍ജികളും കോടതി പരിഗണിച്ചു.

Top