മുത്തലാഖ്; നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യസഭയില്‍ മുത്തലാഖ് നിരോധന ബില്‍ ഇന്ന് പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്ച ബില്‍ സഭയില്‍ പാസാക്കിയപ്പോള്‍ 303 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയും 82 പേര്‍ വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു.

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്.

എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് ബില്ലിനെ എതിര്‍ക്കുകയാണ്. എന്നാല്‍ ബിജു ജനതാദള്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് രാവിലെ ചേരുന്ന യോഗത്തിന് ശേഷമാകും ഇക്കാര്യത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക.

Top