muthalak – supreme court

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനോടു വിശദീകരണം തേടി. ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഉത്തരാഖണ്ഡ് സ്വദേശിനിയായ ഷയറാ ബാനു എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടി. മൂന്നു പ്രാവശ്യം തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷയറാ ബാനു ഹര്‍ജി നല്‍കിയിട്ടുള്ളത്.

തനിക്കുണ്ടായ അനുഭവം ഇനി ഭാവിയില്‍ മറ്റൊരു മുസ്ലിം സ്ത്രീക്കും അനുഭവിക്കാന്‍ ഇട വരരുതെന്ന് ഷയറാ ബാനു പറഞ്ഞു. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതായി ഷയറ ബാനു പറഞ്ഞു.

ഗര്‍ഭഛിദ്രം നടത്താന്‍ പോലും തന്നെ നിര്‍ബന്ധിച്ചു. സുപ്രീംകോടതിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഷയറ പറഞ്ഞു.

ഷയറ സമര്‍പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചിരുന്നു. മൂന്നു തവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ചാണ് ഷയറാ ബാനു സുപ്രീംകോടതിയെ സമീപിച്ചത്.

മുസ്ലിം വ്യക്തിനിയമത്തില്‍ കേന്ദ്രസര്‍ക്കാരോ മറ്റേതെങ്കിലും അധികൃതരോ ഇടപെടാന്‍ ശ്രമിച്ചാല്‍ ശക്തമായി ചെറുക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

1978-ലെ ഷാ ബാനു കേസ് പോലെ രാജ്യവ്യാപകമായ ചര്‍ച്ചയ്ക്കാണ് ഷയറബാനു കേസും വഴി തെളിക്കുന്നത്. 1978ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുഹമ്മദ് അഹമ്മദ് ഖാന്‍ എന്ന അഭിഭാഷകന്‍ ഭാര്യയായ ഷാ ബാനു ബീഗത്തെ മൊഴി ചൊല്ലുകയും തുടര്‍ന്ന് ജീവനാംശം ലഭിക്കുന്നതിനായി ഷാ ബാനു കോടതിയെ സമീപിക്കുകയുമായിരുന്നു.

കേസ് സുപ്രിംകോടതിയിലെത്തുകയും ഷാ ബാനുവിന് ജീവനാംശം നല്‍കണമെന്ന് സുപ്രിംകോടതി വിധിക്കുകയും ചെയ്തു. ഇതിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രക്ഷോഭമാണ് നടത്തിയത്.

Top