ആറ് മാസത്തേക്ക് മുത്തലാഖിന് വിലക്ക്; മുത്തലാഖ് ഭരണാഘടനാ വിരുദ്ധമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണാഘടനാ വിരുദ്ധമെന്ന് സുപ്രിം കോടതി.

ആറ് മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹ മോചനം ഒഴിവാക്കണമെന്നും ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

മുസ്ലിം വിവാഹമോചനത്തിന് നിയമം കൊണ്ടു വരണം. ആറ് മാസത്തിനകം പാര്‍ലമെന്റ് നിയമം നിര്‍മ്മിക്കണം. മുസ്ലീങ്ങള്‍ക്ക് ന്യൂനപക്ഷ പരിരക്ഷയുണ്ട്. പരിരക്ഷയുള്ളതിനാല്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്തെ ചൂടേറിയ രാഷ്ട്രീയവും മതപരവുമായ വാദ വിവാദങ്ങള്‍ക്ക് കാരണമായ വിഷയത്തിനാണ് പരമോന്നത കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്.

മുത്തലാഖ്, ബഹുഭാര്യത്വം വിഷയങ്ങള്‍ മുസ്‌ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോ എന്നും കോടതി പരിശോധിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ ഭരണഘടനാബെഞ്ചിനു മുന്നിലായിരുന്നു വാദം.

ഒറ്റയിരുപ്പില്‍ മൂന്നു തവണ തലാഖ് പറഞ്ഞു മൊഴി ചൊല്ലുന്നവര്‍ക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തുമെന്നും ഇതുസംബന്ധിച്ച് സമുദായത്തിനു മാര്‍ഗനിര്‍ദേശം നല്‍കുമെന്നും അഖിലേന്ത്യാ വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് വഴി വിവാഹമോചനം നടത്തരുതെന്നു വിവാഹവേളയില്‍ വരന്മാര്‍ക്ക് ഉപദേശം നല്‍കാന്‍ എല്ലാ ഖാസിമാരോടും ആവശ്യപ്പെടുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

15 വര്‍ഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തിയ സൈറാ ബാനു, 2016ല്‍ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍നിന്ന് ഫോണിലൂടെ ഭര്‍ത്താവ് മൊഴിചൊല്ലിയ ഇഷ്‌റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നിവരാണു മുത്തലാഖ് വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ചത്.

Top