മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍ ; പ്രതിപക്ഷം നിലപാട് ആവര്‍ത്തിക്കും

ന്യൂഡല്‍ഹി : മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ബില്‍ അവതരിപ്പിക്കാനുള്ള നീക്കം ബഹളത്തില്‍ അവസാനിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ബില്‍ ഏത് വിധേനയും അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് കഴിഞ്ഞ ദിവസം ബഹളത്തിനിടയാക്കിയത്.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയം സ്പീക്കറും പരിഗണിച്ചില്ല. ഇന്ന് ബില്‍ വീണ്ടും സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷം നിലപാട് ആവര്‍ത്തിക്കും. സെലക്ട് കമ്മിറ്റിക്ക് വിടുന്ന പ്രമേയം വോട്ടിനിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇക്കാര്യത്തില്‍ പ്രതിപക്ഷ ഐക്യത്തിനും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.

റഫാല്‍ വിഷയത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നല്‍കിയേക്കും. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍, സിപിഎം എംപി ശങ്കര്‍പ്രസാദ് ദത്ത എന്നിവര്‍ നല്‍കിയ നോട്ടീസ് അംഗീകരിച്ചാണ് റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ച. പ്രധാനമന്ത്രി അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കേസില്‍ ക്രിസ്ത്യന്‍ മിഷെലിന്റെ പരാമര്‍ശങ്ങള്‍ ആയുധമാക്കാനാണ് സാധ്യത.

Top