ഒഴിവാക്കുമ്പോൾ അറിയിക്കാനുള്ള മര്യാദ കാണിക്കണം, വിമർശനവുമായി ജോസഫ് സി മാത്യു

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്ന് ഒഴിവാക്കുമ്പോൾ അക്കാര്യം അറിയിക്കാനുള്ള സാമാന്യ മര്യാദ കാണിക്കണമായിരുന്നുവെന്ന് ജോസഫ് സി മാത്യു. മാദ്ധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും ഇതുവരെയും ഒരു അറിയിപ്പും തനിക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറിയായിരുന്നു സംവാദത്തിലേക്ക് ക്ഷണിച്ചത്. പദ്ധതിയെ എതിർക്കുന്നവരെ കൂടി വിളിച്ചപ്പോൾ അത് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ജനാധിപത്യ സമീപനമായി തോന്നിയിരുന്നു. പരിപാടിയുടെ വിശദ വിവരങ്ങളെല്ലാം ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും അയച്ചു തന്നിരുന്നു.

ഒരാൾക്ക് പത്ത് മിനിട്ടാണ് അനുവദിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പറയേണ്ട വിഷയങ്ങളെ കുറിച്ച് പാനലിലെ മറ്റുള്ളവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ മാറ്റം എന്തിന്റെ പേരിലായാലും അതറിയിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഒഴിവാക്കിയ കാര്യം പറയേണ്ടത് പരിപാടിയിലേക്ക് ക്ഷണിച്ച ചീഫ് സെക്രട്ടറി തന്നെയാണ്.

ഒരു യോഗം പോലും ശരിയായി നടത്താൻ അറിയാത്തവരാണ് റെയിൽ ഓടിക്കുന്നത്. ചീഫ് സെക്രട്ടറി അറിയാതെയാണ് മാറ്റം സംഭവിച്ചതെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top