“1947ല്‍ തന്നെ എല്ലാ മുസ്ലീങ്ങളെയും പാക്കിസ്ഥാനിലേയ്ക്ക് അയക്കേണ്ടതായിരുന്നു”

giriraj-sing

പട്‌ന: നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തി വിവാദം സൃഷ്ടിക്കുന്ന ആളാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇപ്പോഴിതാ 1947 ല്‍ തന്നെ എല്ലാം മുസ്ലീങ്ങളെയും പാക്കിസ്ഥാനിലേയ്ക്ക് അയക്കേണ്ടതായിരുന്നു എന്ന വിദ്വേഷ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.ബുധനാഴ്ച ബീഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്തവന നടത്തിയത്.

‘രാഷ്ട്രത്തിനായി സ്വയം സമര്‍പ്പിക്കേണ്ട സമയമാണിത്. 1947 ന് മുമ്പ് (മുഹമ്മദ് അലി) ജിന്ന ഒരു ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടിയാണ് പരിശ്രമിച്ചത്. നമ്മുടെ പൂര്‍വ്വികര്‍ക്ക് സംഭവിച്ച ഈ വീഴ്ചയ്ക്ക് നാം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. അക്കാലത്ത് മുസ്ലീം സഹോദരന്മാര എല്ലാം പാക്കിസ്ഥാനിലേയ്ക്ക് അയയ്ക്കുകയും അവിടത്തെ ഹിന്ദുക്കളെ ഇവിടെ എത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല’. ഗിരിരാജ് സിംഗ് പറഞ്ഞു. മുസ്ലീങ്ങളോടുള്ള കടുത്ത അനിഷ്ടം പലതവണ പരസ്യമായി പ്രകടിപ്പിച്ച മന്ത്രിയാണ് ഗിരാജ് സിംഗ്.

2015 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിം അഭയാര്‍ഥികള്‍ക്ക് മാത്രം പൗരത്വം വാഗ്ദാനം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയിലാണ് മൃഗസംരക്ഷണ, ക്ഷീര, മത്സ്യബന്ധന മന്ത്രിയുടെ പ്രസ്തവന.

ഈ നിയമം ഭരണാഘടനാ വിരുദ്ധമാണെന്നും ഇന്ത്യന്‍ പൗരത്വം പരീക്ഷിക്കുന്നതിനായി മതത്തെ ഉപയോഗിക്കുകയാണെന്നും വിമര്‍ശകര്‍ പറയുന്നു. പൗരത്വം തെളിയിക്കാന്‍ സാധിക്കാത്ത മുസ്ലിങ്ങളെയാണ് ദേശീയ പൗരത്വ രജിസ്റ്ററിലൂടെ ലക്ഷ്യമാക്കുന്നതെന്നും വിമര്‍ശകര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ നേരിട്ടവരെ സഹായിക്കാനാണ് ഈ നിയമം എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Top