ബിജെപി ഭരണത്തില്‍ ഇന്ത്യയിലെ മുസ്ലീം മതവിശ്വാസികളുടെ ഭാവിയെന്ത്?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ പേടിച്ച് കഴിയുകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?

ഭാരതീയ ജനതാ പാര്‍ട്ടിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഭരണത്തിന് കീഴില്‍ തങ്ങളുടെ ഭാവി എന്താകുമെന്ന പേടിയിലൂടെയാണ് രാജ്യത്തെ മുസ്ലീം വിഭാഗം കടന്നു പോകുന്നതെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇന്ത്യയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അസമില്‍ ഒരു മുസ്ലീം മതവിശ്വാസിയായ മധ്യവയസ്‌കന്‍ ആള്‍കൂട്ട അക്രമണത്തിന് ഇരയായി. അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല അദ്ദേഹം ബീഫ് വിറ്റു. അദ്ദേഹത്തിന്റെ പേര് ഷൗക്കത്ത് അലി.


നീയൊരു ബംഗ്ലാദേശിയാണോ? എന്തിന് നീ ഇവിടെ ബീഫ് വിറ്റു. ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ ചെളി വെള്ളം നിറഞ്ഞ കുഴിയില്‍ മുട്ട് കുത്തിച്ച് ഇരുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തെ കൊണ്ട് പന്നിയിറച്ചി കഴിപ്പിച്ചു.

നിമിഷ നേരം കൊണ്ട് അവിടെ ആളുകള്‍ തടിച്ച് കൂടി. എന്നാല്‍ ഒരാള്‍ പോലും അദ്ദേഹത്തെ സഹായിക്കാന്‍ തുനിഞ്ഞില്ല, പകരം അദ്ദേഹത്തിന്റെ നിസഹായവസ്ഥ ഫോണില്‍ ഫോട്ടോ എടുത്ത് നിന്നു.

ആ ചിത്രം പ്രചരിച്ചതോടെ അദ്ദേഹത്തിനെതിരെ സംസാരിക്കാനും അദ്ദേഹത്തോട് സഹതാപം പ്രകടിപ്പിക്കാനും ആളുകള്‍ ഉണ്ടായി. അടുത്ത വിഷയം കിട്ടിയതോടെ എല്ലാവരും അദ്ദേഹത്തെ മറന്നു. എന്നാല്‍ തനിക്ക് എതിരെ ഉണ്ടായ അക്രമണം ഇന്ത്യയിലെ എല്ലാ മുസ്ലീം വിശ്വാസികളും നേരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ഭയക്കുന്നു. ഒരു മാസം മുന്‍പ് ഉണ്ടായ അക്രമണത്തിന് ശേഷം അദ്ദേഹം മാനസികമായും, ശാരീരികമായും ആകെ തളര്‍ന്നിരിക്കുന്നു.

ദശാബ്ദങ്ങളായി തന്റെ കുടുംബം അവിടെ കച്ചവടം ചെയ്തു വരുന്നു. കടയില്‍ ഞങ്ങള്‍ ബീഫ് കറി വിളമ്പാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷമായി, പക്ഷെ ഇങ്ങനെ ഒരു ദുരനുഭവം ഇതാദ്യമായാണ് ഉണ്ടായത്. ഹിന്ദുക്കളുടെ വിശ്വസത്തെ മാനിച്ച് ചില സംസ്ഥാനങ്ങളില്‍ ബീഫ് വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്.പക്ഷെ അസമില്‍ അത്തരത്തിലൊരു നിയമമില്ല. എന്നിട്ടും തനിക്ക് നേരെ എന്തിന് ഇത്തരത്തിലൊരു അക്രമണം നടത്തിയെന്ന് അദ്ദേഹം ചോദിക്കുന്നു.

എനിക്ക് ജീവിച്ചിരിക്കാന്‍ തോന്നുന്നില്ല, എന്റെ വിശ്വാസത്തിനും വ്യക്തിത്വത്തിനും നേരെയാണ് ഇത്തരമൊരു അക്രമണം നടന്നതന്നെ് അദ്ദേഹം പറയുന്നു.

2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട 44 പേരില്‍ 36 പേരും മുസ്ലീം മതവിശ്വാസികളാണെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ 2019 ഫെബ്രുവരിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ കാലയളവില്‍ രാജ്യത്തുണ്ടായ 100 ലേറെ അക്രമ സംഭവങ്ങളില്‍ 280 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഷൗക്കത്ത് അലി ഇത്തരം അക്രമണത്തിന്റെ അവസാന ഇരയാണ്, എന്നാല്‍ ഇതേ രീതിയില്‍ അല്ലെങ്കില്‍ ഇതിനേക്കാള്‍ ക്രൂരമായി അക്രമിക്കപ്പെട്ട മുസ്ലീം വിഭാഗത്തിലെ ഓരോരുത്തരുടെയും ജീവിതം വിശദമായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് : കീര്‍ത്തന ഐരാറ്റ്‌

Top