മുസ്ലിം സ്ത്രീക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശമുണ്ട്: ഹൈക്കോടതി

കൊച്ചി: മുസ്ലിം സ്ത്രീക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശം ഉണ്ടെന്ന് കേരള ഹൈകോടതി. 49 വര്‍ഷം പഴക്കമുള്ള കീഴ് വഴക്കം റദ്ദാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

മുസ്ലിം സ്ത്രീകളുടെ വിവാഹമോചന നിയമം പ്രകാരം മാത്രമേ സ്ത്രീകള്‍ക്ക് വിവാഹ മോചനം സാധ്യമാകൂ എന്ന് 1972 ല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് വിവാഹമോചനത്തിന് കോടതിയെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വന്നത്. എന്നാല്‍ ഇത് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

പുരുഷ കേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലിം സ്ത്രീകളെ കോടതി വ്യവഹാരങ്ങളില്‍ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. മുത്വലാക്ക് പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങളടക്കം പുരുഷന്‍മാര്‍ വിവാഹ മോചനത്തിനായി ഉപയോഗിച്ചു . എന്നാല്‍ ഇത്തരം സംവിധാനങ്ങളെന്നും സ്ത്രീകള്‍ക്ക് അനുവദിച്ചില്ല.

കോടതി മുഖേനയല്ലാതെ സ്ത്രീകള്‍ക്ക് വിവാഹമോചനം നടക്കില്ല എന്നതാണ് നിലവിലെ അവസ്ഥ. എന്നാല്‍ കോടതിക്ക് പുറത്ത് മുസ്ലിം സ്ത്രീക്ക് വിവാഹമോചനം അനുവദിക്കുന്ന ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്താന്‍ ത്വലാഖ് – എ തഫ്വിസ് മുസ്ലീം സ്ത്രീക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹമോചനത്തിന് അവകാശം നല്‍കുന്നതാണ് ഖുല നിയമം. പരസ്പരസമ്മതത്തോടെ വിവാഹമോചനം നേടാന്‍ മുബാറാത്ത് രീതിയിലൂടെ അവകാശമുണ്ട്.

ഖാളിമാരെ പോലുള്ള മൂന്നാംകക്ഷിയുടെ സാന്നിധ്യത്തില്‍ വിവാഹമോചനത്തിന് അനുമതി നല്‍കുന്നതാണ് ഫസ്ഖ്. ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനായി ബാധകമാക്കാം . ഈ സാഹചര്യത്തില്‍ , കോടതി വഴി മാത്രമേ വിവാഹമോചനം സാധിക്കൂ എന്ന 72 ലെ വിധി നിലനില്‍ക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

 

Top