മുസ്ലിം സ്ത്രീകളുടെ ഹജ്ജ്: അര്‍ഹിക്കാത്ത ഖ്യാതി നേടാനാണ് മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാനായി മുസ്ലിം സ്ത്രീകള്‍ ഒറ്റയ്ക്കു പോകരുതെന്നു പറയുന്ന നിയമങ്ങള്‍ അസാധുവാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ തള്ളി കോണ്‍ഗ്രസ്. പുരുഷന്റെ തുണയില്ലാതെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഹജ്ജ് നടത്താനുള്ള സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഖ്യാതി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പേരിലാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അര്‍ഹിക്കാത്ത ഖ്യാതി നേടാനാണ് മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തി. സൗദി സര്‍ക്കാരാണ് നിയമത്തില്‍ ഇളവ് ചെയ്തത്. മോദിയുഗത്തിനു മുന്‍പുമുതല്‍ത്തന്നെ ഇന്ത്യക്കാരിയായ ഒരു സ്ത്രീക്ക് രാജ്യത്തിനകത്തും പുറത്തും സഞ്ചാരസ്വാതന്ത്ര്യം ഉണ്ട്. ഹജ്ജിന്റെ നിയമം അനുസരിച്ചില്ലെങ്കില്‍ സൗദി വിസ അനുവദിക്കില്ല. സ്വന്തം അനുയായികളെത്തന്നെയാണോ മോദി വിഡ്ഢികളാക്കുന്നതെന്നും ഷക്കീല്‍ ചോദിച്ചു.

Top