മുസ്ലീം അയ്യപ്പഭക്തരെ ശബരിമലയില്‍ തടഞ്ഞു; അനുമതി കിട്ടിയിട്ടും ദര്‍ശനം നടത്താതെ മടങ്ങി

പത്തനംതിട്ട: കര്‍ണാടകയില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ സംഘത്തെ പൊലീസ് തടഞ്ഞു. മുസ്ലീങ്ങളായ അയ്യപ്പഭക്തരെയാണ് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയും ചേര്‍ന്ന് തടഞ്ഞത്. തുടര്‍ന്ന് ദര്‍ശനം നടത്താതെ ഇവര്‍ മടങ്ങി.

ചിക്ബെല്ലാപ്പൂര്‍ ജില്ലയിലെ ചിന്താമണി സ്വദേശികളായ ഭാര്‍ഗവേന്ദ്ര, പ്രേംകുമാര്‍, ടി.വി.വിനോദ്, ബാബു റെഡ്ഡി, അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവര്‍ മുസ്ലീം വേഷത്തിലായിരുന്നു. തുടര്‍ന്നാണ് പൊലീസ് തടഞ്ഞത്.

എന്നാല്‍ മുസ്ലീം വേഷത്തിലുള്ളവര്‍ തങ്ങളുടെ സുഹൃത്തുക്കളാണെന്നും വിശ്വാസമുള്ളതുകൊണ്ടാണ് വന്നതെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും സംഘത്തെ ദര്‍ശനം നടത്താന്‍ അനുവദിച്ചില്ല. പിന്നീട് പമ്പയിലുണ്ടായിരുന്ന കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തില്‍ ഇവരെ വിശദമായി ചോദ്യംചെയ്തു. സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കര്‍ണാടകയിലും വിവരങ്ങള്‍ തിരക്കി. അന്‍സാര്‍ഖാനും നയാജ്ബാഷയും പഴത്തിന്റെ മൊത്തക്കച്ചവടക്കാരാണ്. മുസ്ലീങ്ങള്‍ക്ക് ദര്‍ശനം നടത്താമെന്ന് അറിയില്ലെന്നായിരുന്നു എന്നായിരുന്നു കേന്ദ്രപൊലീസിന്റെ വാദം.

ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലോടെ സംഘത്തിന് ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കാന്‍ നിര്‍ദേശമുണ്ടായി. എന്നാല്‍, വിഷമമുണ്ടായതിനാല്‍ സന്നിധാനത്തേക്ക് പോകുന്നില്ലെന്ന നിലപാടില്‍ അന്‍സാര്‍ഖാനും നയാജ്ബാഷയും പമ്പയില്‍ത്തന്നെ തങ്ങി. മറ്റുള്ളവര്‍ ദര്‍ശനം നടത്തി.

Top