ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കാത്തതിനെതിരെ മുസ്‌ലിം സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ മുസ്‌ലിം സംഘടനകള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍, വിസ്ഡം മുസ്‌ലിം ഓര്‍ഗനൈസേഷന്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പലകാര്യങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

ബാറുകള്‍ക്ക്‌പോലും പ്രവര്‍ത്തനാനുമതി നല്‍കിയപ്പോള്‍ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് പോലും ഇളവ് അനുവദിക്കാതിരുന്നത്എന്ത് കാരണത്താല്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് .ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായ തീരുമാനം ഉണ്ടാകണമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വൈസ് പ്രസിഡന്റ് ഡോ ഹുസൈന്‍ മടവൂര്‍ അഭ്യര്‍ത്ഥിച്ചു.

മുസ്‌ലിംകളെ സംബന്ധിച്ച് ആരാധനകള്‍ക്കു പള്ളി അനിവാര്യമല്ലെങ്കിലും ദിനേന അഞ്ചു നമസ്‌കാരവും വെള്ളിയാഴ്ച ജുമുഅ:യും സംഘടിതമായി നിര്‍വ്വഹിക്കല്‍ സാമൂഹിക ബാധ്യതയാണ്. അത് നിറവേറ്റാന്‍ കഴിയും വിധം നിയന്ത്രങ്ങളോടെയെങ്കിലും പള്ളികള്‍ തുറക്കാന്‍ അനുമതിയുണ്ടാകണം. പതിനായിരക്കണക്കിനു പള്ളിബമദ്രസാ ജീവനക്കാരുടെ തൊഴിലവസരവും അവകാശവുമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു കത്തയച്ചതായും നേതാക്കള്‍ അറിയിച്ചു.

Top