പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം സാമുദായികമായി കൈകാര്യം ചെയ്യരുത് . . .

കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. രാഷ്ട്രീയ കേരളത്തിന്റെ മണ്ണില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ വേണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ജാതി, മത രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിം മതസംഘടനകള്‍ മാത്രമായി എറണാകുളത്ത് റാലി നടത്തി ശക്തികാട്ടുന്നത് ആപത്താണ്.

അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട കൊച്ചിയിലെ റാലിയും, മറ്റിടങ്ങളില്‍ നടക്കുന്ന സമാന പ്രക്ഷോഭങ്ങളും വിപരീതഫലമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാക്കുന്നത്. ഇത്തരം റാലികള്‍ യഥാര്‍ത്ഥത്തില്‍ സഹായകരമാവുക ആര്‍.എസ്.എസിനും ബി.ജെ.പിക്കുമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് മതത്തിന്റെ നിറം നല്‍കാനും, ഇതിനെതിരായി ഹിന്ദു ഏകീകരണത്തിനുള്ള അവസരവുമാണ് സംഘപരിവാറിന് ലഭിക്കുക.

പൗരത്വ വിഷയത്തില്‍ പോപുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും അടക്കമുള്ള തീവ്ര നിലപാടുള്ള സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളീയ പൊതുസമൂഹം തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. ഇക്കാര്യം റാലികളുടെ സംഘാടകര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഹര്‍ത്താലിനെതിരെ ശക്തമായ നിലപാടാണ് മുസ്‌ലിം ലീഗ് പോലും സ്വീകരിച്ചിരുന്നത്.

മതം നോക്കി പൗരത്വം നിഷേധിക്കുന്നതിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മതംനോക്കാതെയാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും സിക്കുകാരും കമ്മ്യൂണിസ്റ്റുകളുമെല്ലാം ഈ സമരത്തിന്റെ മുന്‍പന്തിയിലുണ്ട്. ഇക്കാര്യം ആരും കാണാതെ പോകരുത്.

പൗരത്വ സമരത്തില്‍ പങ്കെടുക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ അറിയാമെന്നു പറഞ്ഞ് സമരത്തിന് മതത്തിന്റെ നിറം നല്‍കാനാണ് പ്രധാനമന്ത്രി മോദി ശ്രമിച്ചിട്ടുള്ളത്. ഇതിനെതിരെ ഷര്‍ട്ടൂരി ദേഹത്തെ പൂണൂല്‍ കാണിച്ചാണ് പലരും പ്രധാനമന്ത്രിക്ക് മറുപടി നല്‍കിയിരുന്നത്. ജാമിയ മിലിയ സര്‍വകലാശാലയിലെ കുട്ടികളും കൊടും തണുപ്പില്‍ ഷര്‍ട്ടൂരിയാണ് പ്രതിഷേധിച്ചിരുന്നത്.

മുസ്‌ലീങ്ങള്‍ മാത്രമല്ല മുസ്‌ലീങ്ങള്‍ക്കു വേണ്ടി ഇതര മതവിഭാഗക്കാരും കൈകോര്‍ത്താണ് രാജ്യത്ത് സമരം നടത്തുന്നത്. മോദി പ്രധാനമന്ത്രിയായ ശേഷം ഹിന്ദുത്വ ഫാസിസത്തിനെതിരെ പ്രതികരിച്ചതിന് വെടിയേറ്റു മരിച്ചവരില്‍ കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും, നരേന്ദ്ര ദബോല്‍ക്കറും ഗൗരീ ലങ്കേഷുമെല്ലാം മുസ്‌ലിങ്ങളായിരുന്നില്ല. ഫാസിസത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ജീവന്‍വെടിയേണ്ടി വന്ന മതേതരവാദികളായിരുന്നു അവര്‍.

ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി വന്നതോടെ രാമക്ഷേത്രം എന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ആയുധം, വരും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാവില്ലെന്ന പ്രതിസന്ധിയിലായിരുന്നു ആര്‍.എസ്.എസ്.

ഇതിനെ മറികടക്കാന്‍ പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്ത് ഹിന്ദു മുസ്‌ലീം ഭിന്നതതന്നെയാണ് സംഘപരിവാര്‍ ലക്ഷ്യമിട്ടത്. പക്ഷേ ആര്‍.എസ്.എസിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഇതിനെതിരെ ശക്തമായി തെരുവിലിറങ്ങിയത് കമ്യൂണിസ്റ്റുകളടക്കമുള്ള മതേതര വാദികളായിരുന്നു.

ദേശീയപതാകയും ഭരണഘടനയും ഉയര്‍ത്തിയായിരുന്നു അവരുടെ സമരം. ഈ സമരത്തിനു പുറമെ തക്ബീര്‍ വിളികളും പ്രകോപന മുദ്രാവാക്യങ്ങളുമായി തീവ്ര നിലപാടുള്ള സംഘടനകളും കളം നിറഞ്ഞിരുന്നു. പലയിടത്തും സമാധാന സമരത്തില്‍ പ്രകോപനവും അക്രമവുമുണ്ടാക്കാന്‍ ഇവര്‍ നടത്തിയ ഇടപെടലുകളും സമരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

പ്രതിഷേധത്തില്‍ തക്ബീര്‍ വിളി വേണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വാക്കുകളും നാം ഈഘട്ടത്തില്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്.

കേരളത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണ, പ്രതിപക്ഷകക്ഷികള്‍ ഒരുമിച്ചാണ്. പോപുലര്‍ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്‌ലാമിയെയും വിളിക്കാതെ സര്‍വകക്ഷിയോഗം ചേര്‍ന്നാണ് സര്‍ക്കാര്‍ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്.

രാജ്യത്താദ്യമായി പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയും പിണറായി കേന്ദ്രത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കേരളത്തിലെ സംയുക്ത പ്രക്ഷോഭത്തെ രാജ്യമാകെ ഇപ്പോള്‍ ആകാംഷയോടെയാണ് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

കേരളം മാതൃകയാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാറിന് മുതലെടുപ്പിന് ഇടം നല്‍കാതെയുള്ള രാഷ്ട്രീയ മുന്നേറ്റമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. എന്നാല്‍ ഈ മുന്നേറ്റത്തെ തകര്‍ക്കുന്ന തരത്തില്‍ മുസ്‌ലിം മതസംഘടനകള്‍ ചേരി തിരിഞ്ഞ് സംഘടിക്കുന്നത് സംഘപരിവാര്‍ ക്യാമ്പുകളിലാണ് നിലവില്‍ ആവേശം പകര്‍ന്നിരിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഓണ്‍ലൈന്‍ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. ബി.ജെ.പി ജനജാഗ്രതാ സമ്മേളനങ്ങളും റാലികളുമായി രംഗത്തിറങ്ങിയിട്ടുമുണ്ട്. സംഘപരിവാറിനെ അനുകൂലിക്കാത്ത ഹിന്ദു ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ മുസ്‌ലീംങ്ങള്‍ സംഘടിക്കുന്നതായി ചിത്രീകരിക്കുന്ന നുണപ്രചരണവും വ്യാപകമായി ഇപ്പോള്‍ നടക്കുന്നുണ്ട്.

ഇതിനെ പ്രതിരോധിക്കേണ്ടത് മതേതരവാദികള്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒന്നിച്ചു നിന്നുകൊണ്ടായിരിക്കണം. സംഘപരിവാറിനും മുസ്‌ലീം മൗലികവാദ സംഘടനകള്‍ക്കും ഇടംനല്‍കാത്ത പൊതുവേദിയും പ്രക്ഷോഭവുമാണ് ഉയര്‍ന്നു വരേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദേശീയ പതാകയും ഭരണഘടയും ഉയര്‍ത്തിപ്പിടിച്ചുള്ള ഫാസിസത്തിനെതിരായ പ്രക്ഷോഭത്തില്‍ അണിനിരക്കുകയാണ് മുസ്‌ലിം മതസംഘടനകള്‍ ചെയ്യേണ്ടത് അല്ലാതെ ചേരിതിരിഞ്ഞ് സംഘടിച്ച് ആര്‍.എസ്.എസിന് ശക്തി പകരുന്നത് ആപത്താണ്.

മതന്യൂനപക്ഷങ്ങളുടെ ആശങ്കയും ഭീതിയും മുതലെടുക്കാനുള്ള ആസൂത്രിത നീക്കം മതമൗലികവാദ സംഘടനകള്‍ നടത്തുന്നുണ്ട്. ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളിലൂടെ വളരെ പ്രകോപനപരവും തെറ്റിദ്ധാരണപരത്തുന്നതുമായ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. മുസ്‌ലീങ്ങളെല്ലാം പാക്കിസ്ഥാനിലേക്കു പോകേണ്ടിവരുമെന്ന തെറ്റായ പ്രചരണം വ്യാപകമായി തന്നെ നടക്കുന്നുണ്ട്.

കാശ്മീര്‍ മോഡലില്‍ മുസ്‌ലീങ്ങള്‍ തെരുവിലിറങ്ങണമെന്ന് വരെ, ആപത്തുണ്ടാക്കുന്ന പ്രചരണങ്ങള്‍ സംഘടിതമായാണ് അരങ്ങേറുന്നത്. വാട്‌സാപ്പിലൂടെ ഹര്‍ത്താല്‍ നടത്തിയ കേരളത്തില്‍ ഇത്തരം പ്രചരണങ്ങളെ ഗൗരവത്തോടെ ഇന്റലിജന്‍സ് സംവിധാനവും പോലീസും നോക്കിക്കാണണം. ഇത്തരക്കാരെ കെണ്ടത്തി നിയമപരമായി ശിക്ഷിക്കാനുള്ള നടപടി തുടങ്ങിയില്ലങ്കില്‍ ഇത് കലാപത്തിലേക്ക് തന്നെ ഒരുപക്ഷെ വഴിമാറിയേക്കും.

കലാപമുണ്ടാക്കലാണ് സംഘപരിവാറും മുസ്‌ലിം മതമൗലികവാദികളും ഇവിടെ ആഗ്രഹിക്കുന്നത്. അവരുടെ കെണിയില്‍ നിരപരാധികള്‍ വീണുപോകാതിരിക്കാനുള്ള ജാഗ്രത രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും ഉടനെ സ്വീകരിക്കേണ്ടതുണ്ട്. കേരളം മുസ്‌ലിം തീവ്രവാദത്തിന്റെ സുരക്ഷിത താവളമെന്ന സംഘപരിവാര്‍ പ്രചരണത്തിന് നിങ്ങളായിട്ട് വഴിയൊരുക്കരുത്. കേരളത്തിന്റെ മതേതര പാരമ്പര്യവും സംസ്‌ക്കാരവും രാഷ്ട്രീയ ബോധവും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങളും മതസംഘടനകളും സ്വീകരിക്കേണ്ടത്. മതവികാരം ആളിക്കത്തിക്കുന്ന സമരം അതിരുവിട്ടാല്‍ പിടിച്ചുനിര്‍ത്തുക വളരെ പ്രയാസകരമായിരിക്കും. കൈവിട്ട ആ കളിക്ക് ആരും നില്‍ക്കാതിരിക്കുന്നതാണ് ഈ നാടിനും നല്ലത്.

Political Reporter

Top