15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മുസ്ലീം മന്ത്രി; മധ്യപ്രദേശ് മന്ത്രി സഭ വികസിപ്പിച്ച് കമല്‍നാഥ്

ഭോപ്പാല്‍:മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് മന്ത്രി സഭ വികസിപ്പിച്ച് മുഖ്യമന്ത്രി കമല്‍നാഥ്. പുതുതായി 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് കമല്‍നാഥ് സര്‍ക്കാര്‍ സഭ വികസിപ്പിച്ചിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷം മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരാളും മന്ത്രിസഭയില്‍ ഇടംപിടിച്ചു. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച ആരിഫ് അഖീലാണ് മന്ത്രിസഭയിലെത്തിയ ഏക മുസ്‌ലിം അംഗം.

സെന്‍ട്രല്‍ മധ്യപ്രദേശില്‍ നിന്ന് ആറ് പേരും ഗ്വാളിയോര്‍ചംബല്‍ മേഖലയില്‍ നിന്ന് അഞ്ചും ബുന്ദേല്‍ഖണ്ഡില്‍ നിന്ന് മൂന്നു പേരും മന്ത്രിസഭയിലുണ്ട്. ഒമ്പത് മന്ത്രിമാര്‍ മാള്‍വനിവാഡ് മേഖലയില്‍ നിന്നാണ്.

പുതിയ മന്ത്രിമാരില്‍ 11 പേര്‍ കമല്‍നാഥ് അനുകൂലികളും ഒമ്പത് പേര്‍ ദിഗ് വിജയ് സിങ്ങിനോട് അടുപ്പമുള്ളവരും ഏഴ് പേര്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരും ഒരാള്‍ അരുണ്‍ യാദവ് ഗ്രൂപ്പുകാരനുമാണ്.രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Top