യുപിയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന് മർദനം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന് ക്രൂരമര്‍ദനം. അറവുമാലിന്യങ്ങള്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറെ ഗോസംരക്ഷകര്‍ വളഞ്ഞിട്ട് തല്ലിചതച്ചു. വാഹനത്തില്‍ പശുക്കളോ ഗോമാംസമോ കടത്തിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ 16 പേര്‍ക്കെതിരെ കേസ്. ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഞായറാഴ്ച രാത്രി മഥുരയിലെ റാല്‍ ഗ്രാമത്തിലാണ് സംഭവം. അറവുമാലിന്യങ്ങളുമായി ഹത്രാസിലെ സിക്കന്ദറുവിലേക്ക് പോകുകയായിരുന്നു മുഹമ്മദ് ആസിഫ്. കൂടെ രണ്ട് കൂട്ടാളികളും ഒപ്പമുണ്ടായിരുന്നു. രാത്രി 8:00 മണിയോടെ റാല്‍ ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ ജനക്കൂട്ടം അക്രമിക്കുകയായിരുന്നു. പശു സംരക്ഷകര്‍ യുവാവിനെ അതിക്രൂരമായി മര്‍ദിച്ചു.

പശുവിറച്ചിയും കന്നുകാലിക്കടത്തും ആരോപിച്ചാണ് മുഹമ്മദിനെ ജനക്കൂട്ടം മര്‍ദിച്ചത്. ആക്രമണത്തില്‍ ജെയ്ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന്റെ ഭാഗമാണ് മുഹമ്മദ് പോയതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Top