മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

കോഴിക്കോട് : മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം. മൂന്നാം സീറ്റ് വിഷയം തന്നെയാണ് യോഗത്തിന്റെ പ്രധാന അജണ്ട.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉന്നതാധികാര സമിതി യോഗത്തില്‍ ഉണ്ടാകും. ലീഗുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച അവസാനിച്ച സാഹചര്യത്തില്‍, അധിക സീറ്റ് മുഖ്യ ചര്‍ച്ചയാകും. ഇത് വരെ നടന്ന യു.ഡി.എഫ്, ഉഭയകക്ഷി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളേണ്ട നിലപാട് യോഗത്തില്‍ തീരുമാനിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി ഇന്നലെ പാണക്കാട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം സീറ്റ് വിഷയം രമ്യമായി പരിഹരിക്കുമെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല വ്യക്തമാക്കിയത്.

Top