സീറ്റ് മോഹത്തിൽ യു.ഡി.എഫിൽ തർക്കം രൂക്ഷം, പാലം വലിക്കുമോയെന്നും ആശങ്ക

കോണ്‍ഗ്രസ്സ് ഇപ്പോള്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ്.കേരള കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ സീറ്റ് വിട്ടു നല്‍കിയാല്‍ മുസ്ലീംലീഗിനും അധികം സീറ്റ് നല്‍കേണ്ടി വരും. ഇനി ലീഗിന് മാത്രമായാണ് കൂടുതല്‍ സീറ്റ് നല്‍കുന്നതെങ്കില്‍ കേരള കോണ്‍ഗ്രസ്സില്‍ തമ്മിലടി രൂക്ഷവുമാകും

ലോകസഭ സീറ്റുകള്‍ ലക്ഷ്യമിട്ടല്ല, നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് ഘടകകക്ഷികളുടെ ഇപ്പോഴത്തെ വിലപേശലെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കാണുന്നത്.

മുസ്ലീം ലീഗില്‍ പുതിയ തലമുറക്ക് അവസരം നല്‍കാതെ രണ്ട് സീറ്റുകളിലും മുതിര്‍ന്ന നേതാക്കള്‍ വീണ്ടും മത്സരിക്കുന്നതില്‍ യൂത്ത് ലീഗിലും പ്രതിഷേധം ശക്തമാണ്.പൊന്നാനിയില്‍ നിന്നും ഇ.ടി മുഹമ്മദ് ബഷീറോ അതല്ലെങ്കിൽ മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയോ വീണ്ടും മത്സരിക്കരുതെന്നാണ് ആവശ്യം.

അതല്ലെങ്കിൽ വയനാട് ലോകസഭ സീറ്റ് കോണ്‍ഗ്രസ്സിനോട് ചോദിച്ച് വാങ്ങണമെന്നതാണ് നിലപാട്.ലീഗിന്റെ ശക്തിക്ക് അനുസരിച്ചുള്ള സീറ്റുകള്‍ കോണ്‍ഗ്രസ്സ് വിട്ടു നല്‍കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലന്നാണ് മുസ്ലീം ലീഗിലെ പ്രബല വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ഒറ്റക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് ഭരണം പോലും പിടിക്കാന്‍ ശേഷിയില്ലാത്ത സി.പി.ഐക്ക് സി.പി.എം നാല് സീറ്റുകള്‍ നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ലീഗില്‍ അമര്‍ഷം പുകയുന്നത്.

ഒരു ബസില്‍ കയറ്റാനുള്ള ആളുകള്‍ പോലും തികച്ച് ഇല്ലാത്ത ജനതാദള്‍ എസിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് സി.പി.എം വിട്ടു നല്‍കിയതും പ്രതിഷേധക്കാര്‍ ലീഗ് നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു.എന്നാല്‍ ഒരു സീറ്റു പോലും ഘടകകക്ഷികള്‍ക്ക് കൂടുതലായി നല്‍കാന്‍ കഴിയില്ലന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. ഇക്കാര്യം കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കൂടുതലായി ലഭിക്കുന്നതിനു വേണ്ടിയാണ് ഘടകകക്ഷികളുടെ ഇപ്പോഴത്തെ ഈ വിലപേശല്‍ തന്ത്രമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും ആവശ്യത്തെ സമ്മര്‍ദ്ദ തന്ത്രമായി കാണുന്ന നേതാക്കള്‍ ഈ വിലപേശലിന് വഴങ്ങരുതെന്ന് ഹൈക്കമാന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലി മുസ്ലീം ലീഗ് ,കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടികളില്‍ ഭിന്നത തുടരുകയാണ്.കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗമാണ് ഇപ്പോള്‍ ഏറെ വെട്ടിലായിരിക്കുന്നത്.

കേരള കോണ്‍ഗ്രസ്സിനു വിട്ടു നല്‍കുന്ന ലോക സഭ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നതാണ് അവരുടെ ആവശ്യം. പറ്റില്ലങ്കില്‍ കൂടുതലായി ഒരു സീറ്റുകൂടി യു.ഡി.എഫ് നല്‍കണം. അതുമില്ലങ്കില്‍ ‘ പാലം’ വലിക്കുമെന്ന ഭീഷണി വരെ ഉയര്‍ന്നു കഴിഞ്ഞു.

കേരള കോണ്‍ഗ്രസ്സില്‍ നിന്നും പിളര്‍ന്നു പോയ ഫ്രാന്‍സിസ് വിഭാഗത്തെ ഇടതുമുന്നണി ഘടകകക്ഷിയാക്കിയതിനാല്‍ ഇനി ജോസഫിന് ഇടത്തോട്ടും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്.ജനാധിപത്യ കേരള കോണ്‍ഗ്രസ്സില്‍ ലയിക്കുക മാത്രമേ അവര്‍ക്ക് മുന്നില്‍ മാര്‍ഗ്ഗമുള്ളൂ. അതല്ലങ്കില്‍ അപമാനം സഹിച്ച് കേരള കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും തുടരേണ്ടി വരും.

കോട്ടയം അതല്ലെങ്കിൽ ഇടുക്കി സീറ്റാണ് ജോസഫ് ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. ജോസ്.കെ.മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതിനാല്‍ ലോകസഭയിലും മാണി വിഭാഗം മത്സരിക്കുവാന്‍ പാടില്ലന്നതാണ് ഈ വിഭാഗത്തിന്റെ ആവശ്യം.

ഘടകകക്ഷികള്‍ക്കിടയിലെ ഈ തര്‍ക്കവും സീറ്റ് ആവശ്യവും തിരഞ്ഞെടുപ്പില്‍ ‘പാരയാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം.

അതേസമയം ഇടതുപക്ഷത്തോട് അനുഭാവമുള്ള ധാരാളം പേരുള്ള കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം പ്രവര്‍ത്തകര്‍ കളം മാറ്റി ചവിട്ടാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇടപെട്ടാണ് ഇവരെ ഇടതു പാളയത്തിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നത്.

Top