എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി

കോഴിക്കോട്: എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളും മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പോപ്പുലര്‍ ഫ്രണ്ട് – എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച.

അതേസമയം പി.ജെ ജോസഫിന് സീറ്റ് നല്‍കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇന്ന് ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പി.ജെ ജോസഫിന് സീറ്റ് നല്‍കുകയാണങ്കില്‍ വടകര സീറ്റ് കൂടി വാങ്ങിയെടുക്കണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Top