ലീഗ് എം.പിക്കെതിരെ . . യു.ഡി.എഫിലും കലാപക്കൊടി, നടപടി ഉടന്‍ വേണമെന്ന്

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന മുസ്ലിം ലീഗ് നിലപാട് തള്ളി ഇടതുസര്‍ക്കാരിനെ പ്രശംസിച്ച പി.വി അബ്ദുല്‍വഹാബ് എം.പിയോട് നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ പൊതുവേദിയില്‍ അപമാനിച്ചു സംസാരിക്കുകയും കൂടി ചെയ്തതോടെ സംഭവത്തില്‍ അബ്ദുല്‍വഹാബിനോട് ലീഗ് നേതൃത്വം വീണ്ടും വിശദീകരണം തേടിയിരിക്കുകയാണിപ്പോള്‍. വഹാബിന്റെ വിശദീകരണത്തോടെ വിഷയം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണിത്.

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിലാണ് ലീഗ് നേതൃത്വത്തെ തള്ളിക്കൊണ്ട് പി.വി അബ്ദുല്‍വഹാബ് ഇടത് അനുകൂല നിലപാടെടുത്തിരുന്നത്. ‘പ്രതിപക്ഷമെന്ന നിലയ്ക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്ന്’ വഹാബ് പരിഹസിക്കുകയും ചെയ്തു. വേദിയിലിരിക്കുകയായിരുന്ന മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക്കിനെ നോക്കിയാണ് ഈ വിവാദ പ്രതികരണം ലീഗ് രാജ്യസഭാംഗം നടത്തിയിരുന്നത്.

വേദിയിലുണ്ടായിരുന്ന മന്ത്രി കെ.ടി ജലീല്‍, പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ളവരെ സാക്ഷി നിര്‍ത്തിയായിരുന്നു ഈ ആക്ഷേപം. ‘ലോട്ടറി ടിക്കറ്റ് അടിച്ചാല്‍ പണം എപ്പോഴെങ്കിലുമാണ് കിട്ടുക. എന്നാല്‍ ഇപ്പോള്‍ പ്രളയദുരിതാശ്വാസത്തിനുള്ള പണം സര്‍ക്കാര്‍ അക്കൗണ്ടിലിട്ടുകഴിഞ്ഞെന്നും അതിന്റെ പ്രൊസീഡിങ്‌സ് നടക്കുകയുമാണെന്നാണ്’ വഹാബ് ചൂണ്ടിക്കാണിച്ചിരുന്നത്.

വഹാബിന്റെ പ്രസംഗം സംബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോട് കെ.പി.എ മജീദ് തന്നെ തന്റെ അതൃപ്തിയും വേദനയും അറിയിച്ചിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായും തങ്ങള്‍ ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയ ശേഷമാണ് വഹാബില്‍ നിന്നും വിശദീകരണം തേടിയിരുന്നത്.

താന്‍ കെ.പി.എ മജീദിനെ അപമാനിച്ച് പ്രസംഗിച്ചിട്ടില്ലെന്നും പ്രളയത്തില്‍ നിന്നും നിലമ്പൂരിനെ കരകയറ്റുന്നതിന് ജനപ്രതിനിധി എന്ന നിലയിലുള്ള കടമ നിറവേറ്റുകയാണെന്നും മറ്റുള്ളവയെല്ലാം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുമാണ് ഇത് സംബന്ധിച്ച് വഹാബ് നല്‍കിയ വിശദീകരണം. എന്നാല്‍ വഹാബിന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വഹാബിന്റെ വാദം ശരിയല്ലെന്നും ഇക്കാര്യം ലീഗ് നേതൃത്വം ഗൗരവത്തോടെ പരിഗണിക്കണമെന്നുമുള്ള ആവശ്യം യൂത്ത് ലീഗ് നേതൃത്വം മുന്നോട്ട് വെയ്ക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് വഹാബിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. താക്കീത്‌പോലും നല്‍കാതെ വെറുതെ വിട്ടാല്‍ ശരിയാകില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ക്കും ഇപ്പോഴുണ്ട്. രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് വഹാബിനോട് ലീഗ് നേതൃത്വം വിശദീകരണം തേടിയിരിക്കുന്നത്. കഴിഞ്ഞ മാസവും ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ വഹാബിനോട് വിശദീകരണം തേടിയിരുന്നു. രാജ്യസഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ വഹാബ് പങ്കെടുക്കാത്തതിലായിരുന്നു വിശദീകരണം തേടിയിരുന്നത്.

ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്ന് അന്ന് വഹാബിനോട് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയീന്‍ അലി ശിഹാബ് തങ്ങളുടെ വിമര്‍ശനം യൂത്ത് ലീഗും ഏറ്റെടുത്തിരുന്നു. ഇതോടെ ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബിനോട് വിശദീകരണം തേടാന്‍ നിര്‍ബന്ധിതനായി. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് മുത്തലാഖ് ചര്‍ച്ചാസമയത്ത് ഹാജരാകാന്‍ കഴിയാതിരുന്നതെന്ന വഹാബിന്റെ വിശദീകരണത്തോടെ പിന്നീട് ലീഗ് ഈ വിവാദം അവസാനിപ്പിക്കുകയായിരുന്നു.

മികച്ച പാര്‍ലമെന്റേറിയനായ ജി.എം ബനാത്ത് വാലക്ക് സീറ്റ് നിഷേധിച്ച് പി.വി അബ്ദുല്‍ വഹാബിന് 2004ല്‍ രാജ്യസഭാ സീറ്റ് നല്‍കിയത് ലീഗില്‍ വലിയ വിവാദമായിരുന്നു. ലീഗ് പണക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നു എന്ന വികാരമാണ് അണികള്‍ക്കിടയില്‍ അന്ന് പടര്‍ന്നിരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വികാരവും അലയടിച്ചതോടെയാണ് നിയമസഭയില്‍ കേവലം ഏഴു സീറ്റെന്ന നാണംകെട്ട പരാജയത്തിലേക്ക് ലീഗ് കൂപ്പുകുത്തിയിരുന്നത്.

കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും തിരൂരില്‍ ഇ.ടി മുഹമ്മദ് ബഷീറും മങ്കടയില്‍ എം.കെ മുനീറും വരെ അന്ന് വലിയ പരാജയമായിരുന്നു. 2015ല്‍ വഹാബിന് രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെയും ലീഗില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. കെ.പി.എ മജീദിനെയാണ് അന്ന് പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ രാജ്യസഭാ സീറ്റിലേക്ക് നിര്‍ദ്ദേശിച്ചിരുന്നത്. സേവനപാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്‍കേണ്ട പദവി മുതലാളിക്ക് നല്‍കരുതെന്ന പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റും ഏറെ വിവാദമായിരുന്നു.

എന്നാല്‍ കോഴിക്കോട്ട് വച്ച് പിണറായി വിജയനുമായി രഹസ്യചര്‍ച്ച നടത്തി ഈ നീക്കം വഹാബ് മറികടക്കുകയാണുണ്ടായത്. രാജ്യസഭാ സീറ്റു നല്‍കിയില്ലെങ്കില്‍ ഇടതുപക്ഷത്തിനൊപ്പം പോകുമെന്ന ഭീഷണി ഉയര്‍ന്നതോടെ രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് ലീഗ് വഹാബിന് നല്‍കുകയായിരുന്നു.

മുസ്ലിം ലീഗ് ദേശീയ ട്രഷററും രാജ്യസഭാ എം.പിയുമാകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് വഹാബ്. സി.പി.എം പാര്‍ട്ടി ചാനലായ കൈരളി ആരംഭിക്കുമ്പോള്‍ അതിന്റെ ഡയറക്ടറായും ഗള്‍ഫില്‍ ഷെയര്‍പിരിക്കാനും മുന്നിലുണ്ടായിരുന്നു. പരാതി ഉയര്‍ന്നതോടെ ലീഗ് നേതൃത്വം ഇടപെട്ടപ്പോഴാണ് ഡയറക്ടര്‍ സ്ഥാനം വഹാബ് ഒഴിഞ്ഞിരുന്നത്.

മന്ത്രി കെ.ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് പ്രക്ഷോഭം നടത്തിയപ്പോഴും ജലീലിനെ ബഹിഷ്‌കരിക്കാന്‍ ലീഗ് തീരുമാനിച്ചപ്പോഴും വഹാബ് അതില്‍ നിന്നും വിട്ടുനിന്നിരുന്നു. ബഹിഷ്‌ക്കരണം തള്ളി ജലീലിനൊപ്പം വഹാബ് വേദി പങ്കിടുകയും ചെയ്തു. ഇതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ച കാര്യമാണ്.

വഹാബിന്റെ തട്ടകമായ നിലമ്പൂരില്‍ പി.വി അന്‍വര്‍ എം.എല്‍.എയുമായും സമാന നിലപാടായിരുന്നു വഹാബിനുണ്ടായിരുന്നത്. അന്‍വറിനെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം അന്‍വറുമായി വേദിപങ്കിട്ടാണ് വഹാബ് പൊളിച്ചിരുന്നത്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പി.വി അന്‍വര്‍ മത്സരിച്ചപ്പോഴും പ്രചരണരംഗത്ത് വഹാബ് സജീവ സാന്നിധ്യമായിരുന്നില്ല.

നേരത്തെ സി.പി.എം പാളയത്തിലുണ്ടായിരുന്ന മഞ്ഞളാംകുഴി അലിയെ രാജിവെപ്പിച്ച് ലീഗ് ടിക്കറ്റില്‍ തന്നെ മത്സരിപ്പിച്ച് വിജയിപ്പിച്ച് മന്ത്രിയാക്കിയത് സി.പി.എമ്മിന് മലപ്പുറത്ത് കനത്ത തിരിച്ചടിയായിരുന്നു. അലിയെ ലീഗ് ഒപ്പം കൂട്ടിയതിന് വഹാബിലൂടെ മറുപടി നല്‍കാനുള്ള അടവുനയമാണ് സി.പി.എം ഇപ്പോള്‍ ഏറനാട്ടില്‍ പയറ്റിവരുന്നത്.

അതേസമയം മുന്നണി മറന്ന് നിലമ്പൂരില്‍ വഹാബും അന്‍വറും തമ്മിലുള്ള കൂട്ടുകെട്ടിലുള്ള അതൃപ്തി കോണ്‍ഗ്രസ് നേതൃത്വവും ലീഗിനെ ഇതിനകം അറിയിച്ചിട്ടുണ്ട്. വഹാബും മന്ത്രി കെ.ടി ജലീലും പി.വി അന്‍വറും തമ്മിലുള്ള കൂട്ടുകെട്ട് ഭീഷണിയാകുമെന്ന ആശങ്കയിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം.

Political Reporter

Top