മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; ഹരിത, ചന്ദ്രിക വിഷയങ്ങള്‍ ചര്‍ച്ചയാകും

മലപ്പുറം: നേരത്തെ അഞ്ചു തവണ മാറ്റിവെച്ച മുസ്ലീംലീഗിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന്. നിയമസഭ തെരഞ്ഞെടുപ്പിനുശേഷമുള്ള മുസ്‌ലിംലീഗിന്റെ ആദ്യ പ്രവര്‍ത്തക സമിതി യോഗമാണ് ഇന്ന് മലപ്പുറത്ത് ചേരുന്നത്. ചന്ദ്രിക കള്ളപ്പണമിടപാട്, ഹരിത വിവാദം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളും ചര്‍ച്ചയാകും.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് മാസത്തിനു ശേഷമാണ് ശേഷമാണ് പ്രവര്‍ത്തകസമിതി ചേരുന്നത്. പോഷക സംഘടന ഭാരവാഹികളടക്കം 150ഓളം പേര്‍ യോഗത്തില്‍ പങ്കെടുക്കും. സംഘടന ശാക്തീകരണവും പാര്‍ട്ടിയില്‍ വരുത്തേണ്ട മാറ്റങ്ങളുമടക്കം പത്തംഗ ഉപസമിതിയുടെ പ്രവര്‍ത്തന നയരേഖ നിര്‍ദേശങ്ങളിലാകും പ്രധാന ചര്‍ച്ച. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റികള്‍ നല്‍കിയ അവലോകന റിപ്പോര്‍ട്ടുകളും ചര്‍ച്ചയാകും.

ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ട് മുന്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തിന് അധ്യക്ഷത വഹിക്കും. മുഈനലി തങ്ങളുടെ ആരോപണങ്ങള്‍, ചന്ദ്രിക ദിനപത്രത്തിനെതിരായ അന്വേഷണം, തളിപ്പറമ്പില്‍ മുസ്ലിം ലീഗ് സമാന്തര കമ്മറ്റി രൂപീകരിച്ച സാഹചര്യം ഉള്‍പ്പെടെ ലീഗ് രാഷ്ട്രീയത്തില്‍ ഉയര്‍ന്ന സമകാലിക രാഷ്ടീയ വിവാദങ്ങളും യോഗത്തിന്റെ മുഖ്യ അജണ്ടയില്‍ ഇല്ലെങ്കിലും ചര്‍ച്ച ആയേക്കും.

Top