മുപ്പത് സീറ്റില്‍ വിട്ടുവീഴ്ച ചെയ്യാതെ മുസ്ലീംലീഗ്, കോണ്‍ഗ്രസ്സ് വെട്ടിലായി

ത്തവണ ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുസ്ലീംലീഗ് ലക്ഷ്യമിടുന്നത് പ്രതിപക്ഷ നേതൃസ്ഥാനമാണ്. 30 നിയമസഭാ സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിലെ ധാരണ. തട്ടിപ്പ് – അഴിമതി കേസുകളില്‍ കുടുങ്ങിയ എം.സി കമറുദ്ദീനും വി.കെ ഇബ്രാഹിം കുഞ്ഞിനും സീറ്റ് നിഷേധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് – വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ.എം ഷാജി വീണ്ടും അഴീക്കോട് തന്നെ മത്സരിക്കും. ഡോ.എം.കെ മുനീറും കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിക്കും. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുകയില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയം കണക്കിലെടുത്ത് മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കണമെന്ന ആവശ്യം യൂത്ത് ലീഗും എം.എസ്.എഫ് നേതൃത്വവും ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയ മോഡല്‍ പ്രായപരിധി നിയമസഭ തിരഞ്ഞെടുപ്പിലും നടപ്പാക്കണമെന്നതാണ് യുവനേതാക്കളുടെ ആവശ്യം. സി.പി.എം നേതൃത്വം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് നല്‍കുന്ന പരിഗണനയും യൂത്ത് ലീഗ് നേതൃത്വം സമ്മര്‍ദ്ദത്തിനായി ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ റിസ്‌ക്ക് എടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരിഗണിക്കുമെന്നാണ് ലീഗ് നേതൃത്വവും ഇപ്പോള്‍ നല്‍കുന്ന സൂചന. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ എന്നിവരും ലീഗ് പരിഗണന ലിസ്റ്റിലുണ്ട്.

സി.പി.എമ്മിനെതിരെ എറ്റവും ശക്തമായി സോഷ്യല്‍ മീഡിയകളില്‍ കടന്നാക്രമിക്കുന്നവരാണിവര്‍. ബിനീഷ് കോടിയേരി വിഷയം ഉയര്‍ത്തി ഏറ്റവും കൂടുതല്‍ സി.പി.എമ്മിനെ ആക്രമിച്ചത് പി.കെ ഫിറോസാണ്. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തിലൂടെയാണ് തഹ്‌ലിയയും ശ്രദ്ധേയയായത്. കോണ്‍ഗ്രസ്സില്‍ നിന്നും തവനൂര്‍ സീറ്റ് ഏറ്റെടുത്ത് അവിടെ ഇവരില്‍ ആരെയെങ്കിലും മത്സരിപ്പിക്കണമെന്ന ആലോചനയും ലീഗ് നേതൃത്വത്തില്‍ ഇപ്പോള്‍ സജീവമാണ്. എന്നാല്‍ ഈ നേതാക്കള്‍ എവിടെ മത്സരിച്ചാലും ‘കണക്കുകള്‍’ അവിടെ തീര്‍ക്കുന്നതിനായാണ് സി.പി.എം അണികളും കാത്തിരിക്കുന്നത്. മഞ്ചേശ്വരം, കളമശ്ശേരി മണ്ഡലങ്ങളിലേക്കും ഫിറോസും തഹ്‌ലിയയും പരിഗണിക്കപ്പെടുന്നുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവസാനവാക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായതിനാല്‍ വലിയ സമ്മര്‍ദ്ദമാണ് തങ്ങള്‍ കുടുംബത്തില്‍ യൂത്ത് ലീഗ് – എം.എസ്.എഫ് നേതൃത്വങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. പാണക്കാട് മുനവറലി ശിഹാബ് തങ്ങളും സാദിഖലി ശിഹാബ് തങ്ങളും യുവത്വത്തിന് പരിഗണന നല്‍കണമെന്ന നിലപാടുള്ളവരാണ്. ഇവരുടെ നിലപാട് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഇത്തവണ ഭരണം കിട്ടിയില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവാകും എന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വമുള്ളത്. കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവില്‍ ലീഗിനും സംശയമുണ്ടെന്നത് വ്യക്തമാണ്. മലപ്പുറത്തിലൂടെ ലീഗാണ് യു.ഡി.എഫിന്റെ അഭിമാനം കാത്തതെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവും യു.ഡി.എഫ് കണ്‍വീനറും കെ.പി.സി.സി അദ്ധ്യക്ഷനും മാറണമെന്ന അഭിപ്രായവും ലീഗ് നേതൃത്വത്തിനുണ്ട്. ഇക്കാര്യം പരസ്യമായി ആവശ്യപ്പെടില്ലെങ്കിലും യുക്തമായ തീരുമാനം കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് കൈകൊള്ളുമെന്ന് തന്നെയാണ് ലീഗ് നേതൃത്വം കരുതുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും യു.ഡി.എഫ് നേതൃത്വത്തിന് ഇനി അഗ്നിപരീക്ഷണമായി മാറും. കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് വിലപേശാനാണ് മുസ്ലീം ലീഗിന്റെ നീക്കം. കോണ്‍ഗ്രസ്സിനെ വെട്ടിലാക്കുന്ന നീക്കമാണിത്. 30 സീറ്റുകളിലെങ്കിലും ഇത്തവണ മത്സരിക്കണമെന്നാണ് ലീഗ് നേതൃത്വം ആഗ്രഹിക്കുന്നത്. മൂന്ന് ലോകസഭ സീറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്നും അവര്‍ പിന്നോട്ട് പോയത് തന്നെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു. ഇക്കാര്യം ലീഗ് നേതാക്കള്‍ തന്നെ തുറന്ന് പറയുന്നുമുണ്ട്.

നല്‍കിയ വാക്ക് കോണ്‍ഗ്രസ്സ് പാലിക്കണമെന്നതാണ് ലീഗിന്റെ നിലപാട്. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ വരെയാണ് ഉള്ളത്. ഇത് കണക്കാക്കി ആറ് സീറ്റെങ്കിലും കിട്ടണമെന്നതാണ് ലീഗിന്റെ ആവശ്യം. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 24 മണ്ഡലങ്ങളിലാണ് ലീഗ് മത്സരിച്ചിരുന്നത്. ഇതില്‍ 18 എണ്ണത്തിലും അവര്‍ക്ക് വിജയിക്കാനും കഴിഞ്ഞിരുന്നു. 87 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് അന്നു കിട്ടിയത് 22 സീറ്റുകള്‍ മാത്രമാണ്. ഈ കണക്കുകള്‍ കൂടി തുറന്ന് കാട്ടിയാണ് വിലപേശലിന് ലീഗ് ഒരുങ്ങിയിരിക്കുന്നത്. ഇടതുപക്ഷത്തെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ 25 സീറ്റില്‍ മത്സരിക്കുന്നതും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. ശക്തി നോക്കാതെയാണ് സി.പി.എം, സി.പി.ഐയെ പരിഗണിക്കുന്നത്.

ശക്തിയുടെ കാര്യത്തില്‍ മുസ്ലീംലീഗും സി.പി.ഐയും തമ്മില്‍ ഒരു താരതമ്യത്തിന് പോലും പ്രസക്തിയുമില്ല. ലീഗില്ലാതെ കോണ്‍ഗ്രസ്സിന് ഒരടി മുന്നോട്ട് പോകാന്‍ കഴിയുകയുമില്ല. പ്രത്യേകിച്ച് മലബാറില്‍ യു.ഡി.എഫ് അടിത്തറ തന്നെ ലീഗിനാല്‍ കെട്ടിപ്പടുത്തിട്ടുള്ളതാണ്. നിലവില്‍ ഏഴു ജില്ലകളില്‍ നിന്ന് മാത്രമാണ് ലീഗ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ലീഗിന് മത്സരിക്കാന്‍ സീറ്റില്ലാത്ത അവസ്ഥയാണുള്ളത്. ഈ ജില്ലകളില്‍ ചില സീറ്റുകള്‍ കിട്ടണമെന്നതാണ് ലീഗിന്റെ ഇപ്പോഴത്തെ ആവശ്യം. മുന്‍പ് തിരുവനന്തപുരത്തും കൊല്ലത്തും ലീഗിന് എം.എല്‍.എമാരുണ്ടായിരുന്നു. 1980-ല്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്നും വിജയിച്ചത് ലീഗ് സ്ഥാനാര്‍ത്ഥിയാണ്. 87-ല്‍ ഈ സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടു കൊടുത്തതോടെ ആ സീറ്റും ലീഗിന് നഷ്ടപ്പെടുകയായിരുന്നു.

ലീഗ് മത്സരിക്കുകയും ഒരു തവണ വിജയിക്കുകയും ചെയ്ത മറ്റൊരു സീറ്റ് കഴക്കൂട്ടമാണ്. കൊല്ലത്തെ ഇരവിപുരം മണ്ഡലവും ലീഗ് സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമായിരുന്നു. 1991-ല്‍ ഇവിടെ നിന്നും മത്സരിച്ച പി.കെ.കെ ബാവ മന്ത്രിയായിട്ടുമുണ്ട്. 1980-ല്‍ ഇരവിപുരത്തും ചടയമംഗലത്തും ഒരേ സമയമാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നത്. ഇതിനു പുറമെ ആലപ്പുഴ മണ്ഡലത്തിലും കോട്ടയത്തെ കാഞ്ഞിരപ്പള്ളിയിലും ലീഗ് മുന്‍പ് മത്സരിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇരവിപുരത്തെ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ലീഗിന് ആര്‍.എസ്.പി മുന്നണിയിലേക്ക് വന്നപ്പോള്‍ അതും വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. തെക്കന്‍ കേരളത്തിലെ ഈ നഷ്ടം നികത്തുകയാണ് സീറ്റ് വര്‍ദ്ധനവിലൂടെ ലീഗ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗം മുന്നണി വിട്ടതും നേട്ടമാക്കാനാണ് മുസ്ലീംലീഗിന്റെ നീക്കം.

ജോസഫ് വിഭാഗത്തെ ഒതുക്കി കൂടുതല്‍ സീറ്റുകള്‍ കൈവശപ്പെടുത്താനുള്ള കോണ്‍ഗ്രസ്സ് നീക്കത്തിനാണ് ഈ സമ്മര്‍ദ്ദം പാരയാകുക. പരമാവധി സീറ്റുകളില്‍ മത്സരിച്ച് വിജയിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി പദം അതല്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഇതാണ് കുഞ്ഞാലിക്കുട്ടിയും ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ ജോസഫ് ഗ്രൂപ്പിന് 5 സീറ്റിന് അപ്പുറം അര്‍ഹതയില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. സമാന നിലപാട് തന്നെയാണ് മറ്റു ഘടകകക്ഷികള്‍ക്കുമുള്ളത്. ജോസഫിനൊപ്പം സീറ്റ് മോഹിച്ച് കൂടിയവരുടെ ചങ്കിടിപ്പിക്കുന്ന നിലപാടാണിത്.

Top