Muslim League wants Sudheeran as the CM candidate

മലപ്പുറം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിഎം സുധീരനാകണമെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിനോട് സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യം ലീഗില്‍ ശക്തമാകുന്നു.

ലീഗില്‍ ശക്തമായ സ്വാധീനമുള്ള സമസ്തയിലെ പ്രബല വിഭാഗമാണ് ഇതിനായി കരുക്കള്‍ നീക്കുന്നത്.

എസ്എന്‍ഡിപി യോഗം-ബിജെപി കൂട്ടുകെട്ടിന് സംസ്ഥാനത്ത് വളരാനുള്ള സാഹചര്യം സൃഷ്ടിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമീപനമാണെന്ന നിലപാടിനെ തുടര്‍ന്നാണിത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പറഞ്ഞ് ബിജെപിക്ക് വ്യക്തമായ ‘സ്‌പെയ്‌സ്’ ഉണ്ടാക്കിക്കൊടുത്തതാണ് ഇന്ന് ഈ രൂപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് ലീഗിലും സമസ്തയിലും ഉയര്‍ന്നിരിക്കുന്ന വികാരം.

എംഇഎസ് അടക്കമുള്ള പ്രബല മുസ്ലീം സംഘടനകളും ഇതേ നിലപാടിലാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വെള്ളാപ്പള്ളിക്കും ബിജെപിക്കും എതിരെ രംഗത്തുവരുന്നതിലെ ആത്മാര്‍ഥതയിലും ഇവര്‍ക്ക് സംശയമുണ്ട്.

വെള്ളാപ്പള്ളി നടേശനുമായുള്ള ഇരു നേതാക്കളുടെയും അടുപ്പമാണ് ഇതിന് പ്രധാന കാരണം.

വിഎസിന്റെയും പിണറായിയുടെയും നേതൃത്വത്തില്‍ സിപിഎം പല്ലുംനഖവും ഉപയോഗിച്ച് വെള്ളാപ്പള്ളിയുടെ സമത്വകേരള യാത്രയ്‌ക്കെതിരെ രംഗത്തു വന്ന പശ്ചാത്തലത്തില്‍ വിഎം സുധീരന്‍ നേരിട്ട് പരാതി നല്‍കാനിടയാക്കിയതാണ് ഇപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനും യുഡിഎഫിനെ പ്രതിരോധത്തില്‍ നിന്ന് കരകയറ്റാനും ഇടയാക്കിയതെന്നാണ് ലീഗിലെ പ്രബല വിഭാഗത്തിന്റെ വിലയിരുത്തല്‍.

ഓട്ടോ ഡ്രൈവര്‍ നൗഷാദ് സ്വന്തം ജീവന്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായി ബലിയര്‍പ്പിച്ച ത്യാഗത്തെ വ്രണപ്പെടുത്തി വര്‍ഗ്ഗീയ പരാമര്‍ശത്തോടെ വെള്ളാപ്പള്ളി പ്രതികരിച്ചത് സമുദായഭേദമന്യേ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരുന്നത്.

പോലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നിലപാട് തിരുത്തിയെങ്കിലും പ്രതിഷേധം ശമിച്ചിട്ടില്ല.

ജാമ്യമില്ലാ കേസില്‍ പ്രതിയായ വ്യക്തിക്ക് പോലീസ് അകമ്പടി പോവുന്നതും അറസ്റ്റ് ചെയ്യാതിരിക്കുന്നതുമെല്ലാം ലീഗ് അണികള്‍ക്കിടയില്‍ നിന്നും നേതൃത്വത്തിന് മേല്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

എന്നാല്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുന്നത് അവര്‍ക്കുതന്നെയാണ് നേട്ടമുണ്ടാക്കുകയെന്നും അതിന്റെ മറവില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നുമാണ് യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ വാദം. മറുവിഭാഗമാകട്ടെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ തിരിച്ച് പിടിക്കാന്‍ സഹായകരമാവുമെന്ന വാദമാണ് ഉയര്‍ത്തുന്നത്.

സാമുദായികപരമായ ചേരിതിരിവിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോവാന്‍ താല്‍പര്യമില്ലെങ്കിലും അണികള്‍ക്കിടയിലെ മുറിവുണക്കാന്‍ തിരുത്തല്‍ നടപടി വേണമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ മറ്റേത് കോണ്‍ഗ്രസ്സ് നേതാവിനേക്കാളും സ്വീകാര്യത സുധീരനായതിനാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാട് ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു മുമ്പ് തന്നെ അറിയിക്കണം എന്നാണ് ലീഗിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് ശക്തികേന്ദ്രമായ മലപ്പുറത്തുപോലും സിപിഎമ്മിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ആര്‍എസ്എസിനും എസ്എന്‍ഡിപി യോഗത്തിനുമെതിരായ കര്‍ക്കശ നിലപാടിന്റെ ഭാഗമായാണെന്നാണ് ഈ വിഭാഗം വിശ്വസിക്കുന്നത്.

അതിനാല്‍തന്നെ ന്യൂനപക്ഷവിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയാത്ത നേതാവ് യുഡിഎഫിനെ നയിച്ചാല്‍ ഭരണത്തുടര്‍ച്ച സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നു മാത്രമല്ല ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഈ വിഭാഗം ഉയര്‍ത്തുന്നുണ്ട്.

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് അന്തിമ തീരുമാനമെടുക്കുകയെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ലീഗിന്റെ അഭിപ്രായം കൂടി പരിഗണിക്കേണ്ടിവരുമെന്നത് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും വെല്ലുവിളിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

നായകന്റെ കാര്യത്തില്‍ ലീഗ് കടുത്ത നിലപാട് സ്വീകരിച്ചാല്‍ ഹൈക്കമാന്‍ഡിനു പോലും വഴങ്ങേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട നേതാവാണെന്നതും വിഎസ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ വെള്ളാപ്പള്ളിയുടെ ബദ്ധശത്രുവാണെന്നതും സുധീരന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ്. പൊതു സമൂഹത്തിലെ ക്ലീന്‍ ഇമേജും ഇതിന് സഹായകരമാണ്.

ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഈ ഒരു ‘സാഹസത്തി’ന് ഹൈക്കമാന്‍ഡ് മുതിരുമോ എന്നാണ് ഇനി അറിയാനുള്ളത്.

Top