വനിതാ മതിലിലെ മുസ്ലീംസ്ത്രീകളുടെ സാന്നിധ്യം ലീഗിന്റെ ഉറക്കം കെടുത്തുന്നു

ലപ്പുറത്ത് വനിതാ മതിലില്‍ വിള്ളലുണ്ടായെന്ന ആരോപണം മുസ്ലീം ലീഗിന് മാത്രം. കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് വനിതാമതില്‍ വിജയത്തോടെ ലീഗ് നേരിടുന്നത്. മുസ്ലിം ലീഗിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന മലപ്പുറം ജില്ലയില്‍ വനിതാമതിലില്‍ പങ്കെടുക്കരുതെന്ന സമസ്ത ഇ.കെ വിഭാഗത്തിന്റെ ആഹ്വാനത്തെയും വിശ്വാസികള്‍ തള്ളിക്കളയുകയായിരുന്നു. 1.80 ലക്ഷം വനിതകളെ അണിനിരത്താന്‍ ജില്ലാ ഭരണകൂടം ലക്ഷ്യമിട്ടെങ്കിലും ജനപങ്കാളിത്തം രണ്ടു ലക്ഷത്തിലധികമായി ഉയര്‍ന്നത് ലീഗ് കേന്ദ്രങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.

മുസ്ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് പള്ളിക്കല്‍ പഞ്ചാത്ത് പ്രസിഡന്റ് പി. മിഥുനയും വളാഞ്ചേരി നഗരസഭ മുന്‍ അധ്യക്ഷ എം. ഷാഹിനയും വനിതാമതിലില്‍ പങ്കെടുത്തത് ലീഗ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വനിതാമതില്‍ പങ്കെടുക്കരുതെന്ന് ലീഗ് ജനപ്രതിനിധികള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. മന്ത്രി കെ.ടി ജലീലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിനാണ് മിഥുനയെ ലീഗ് സസ്‌പെന്റ് ചെയ്തത്. പക്ഷേ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും മിഥുനയെ മാറ്റാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല.

ബന്ധുനിയമനത്തില്‍ മുസ്ലിം ലീഗ് ബഹിഷ്‌ക്കരണം നടത്തുന്ന മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലായിരുന്നു മലപ്പുറത്തെ വനിതാ മതില്‍ സംഘാടനം. ഇ.കെ സുന്നി വിഭാഗം എതിര്‍ത്തെങ്കിലും കാന്തപുരം എ.പി വിഭാഗം അടക്കമുള്ള ഇതര മുസ്ലിം സാമുദായിക സംഘടനകള്‍ വനിതാമതിലിനെ പിന്തുണച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ വനിതാ മതിലിലൂടെ ഇടതുപക്ഷം നേടുന്ന മേല്‍ക്കൈ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പരക്കെ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.

പൊന്നാനി, മലപ്പുറം പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് മുസ്ലിം ലീഗ് നേരിടുന്നത്. കോണി ചിഹ്നത്തില്‍ ആരു മത്സരിച്ചാലും ജയിക്കുമെന്ന് ലീഗ് വീമ്പിളിക്കിയ മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് ഇത്തവണ നേരിടുക.

ബന്ധുനിയമനത്തില്‍ കെ.ടി ജലീലിനെതിരെ സമരം നടത്തി അണികളില്‍ ആവേശം വിതറിയ യൂത്ത്‌ലീഗ് മുത്തലാഖ് ബില്‍ ചര്‍ച്ചാവേളയില്‍ പാര്‍ലമെന്റില്‍ പോകാതെ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായിയുടെ വീട്ടില്‍ കല്യാണം കൂടുകയായിരുന്നെന്ന വാര്‍ത്ത വന്നതോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. 16 നിയമസഭാ മണ്ഡലങ്ങളുമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എം.എല്‍.എമാരെ നിയമസഭയിലേക്കയക്കുന്ന ജില്ലയാണ് മലപ്പുറം. മുമ്പുണ്ടായിരുന്ന രണ്ട് നിയമസഭാ സീറ്റ് നാലായി ഉയര്‍ത്താന്‍ ഇടതുമുന്നണിക്ക് ഇതിനകം മലപ്പുറത്ത് കഴിഞ്ഞിട്ടുണ്ട്.

ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് 35 വര്‍ഷം കുത്തകയാക്കിവെച്ച നിലമ്പൂരുമാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. പൊന്നാനി, തവനൂര്‍ മണ്ഡലങ്ങള്‍ നിലനിര്‍ത്താനുമായി.

പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങള്‍ ഇത്തവണ ലീഗിന് വലിയ വെല്ലുവിളിയാവും ഉയര്‍ത്തുക. ഐ.എന്‍.എല്‍ ഇടതുമുന്നണിയുടെ ഘടകകക്ഷിയായതോടെ ലീഗ് വിമതര്‍ക്കും ലീഗ് വിരുദ്ധര്‍ക്കും പുതിയ താവളംകൂടി ലഭിച്ചിരിക്കുകയാണ് ഇതും മലപ്പുറത്തെ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈയ്യാവുകയാണ്.

Top