മത്സ്യബന്ധന കരാര്‍ അറിഞ്ഞില്ല എന്ന് സര്‍ക്കാര്‍ പറയുന്നതില്‍ അടിസ്ഥാനമില്ല; വി മുരളീധരന്‍

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. കള്ളം പിടിക്കപ്പെട്ടപ്പോള്‍ ഒഴിഞ്ഞു മാറാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. അഴിമതി നടത്താനുള്ള ശ്രമം ആയിരുന്നു നടന്നത്‌. അറിഞ്ഞില്ല എന്ന് സര്‍ക്കാര്‍ പറയുന്നതില്‍ അടിസ്ഥാനമില്ല എന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യല്‍ അന്വേഷത്തിലൂടെ കുറ്റവാളികളെ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കൂ. എല്ലാം പുറത്തുവരുന്ന അന്വേഷണം ആണ് വേണ്ടത്.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ തയാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. മുസ്ലീം ലീഗ് ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന പാര്‍ട്ടി ആണ്. അങ്ങനെ ഉള്ള പാര്‍ട്ടിയെ എന്‍ഡിഎയില്‍ എടുക്കാന്‍ ആവില്ല. ലീഗിനെ ക്ഷണിക്കുന്നത് ചിന്തിക്കാന്‍ കൂടി കഴിയില്ല. അതു സംബന്ധിച്ച പ്രചാരണം പ്രസംഗത്തിലെ പരാമര്‍ശം അടര്‍ത്തി മാറ്റിയതിനാല്‍ സംഭവിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.

Top