സമുദായ വികാരം എതിരാകുമെന്ന് ഭയന്ന് മുസ്ലീംലീഗ് – യു.ഡി.എഫ് നേത്യത്വങ്ങള്‍

സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിപക്ഷ ‘ആയുധം’ തന്നെ തിരിച്ചു പ്രയോഗിച്ച് സി.പി.എം. വിശുദ്ധ ഖുറാനെ പോലും പ്രതിപക്ഷം രാഷ്ട്രീയ കളിക്ക് ഉപയോഗിക്കുന്നുവെന്നാണ് സി.പി.എം തുറന്നടിച്ചിരിക്കുന്നത്. ജലീലിനെ സാക്ഷിയായി വിളിപ്പിച്ച എന്‍.ഐ.എ നോട്ടീസിന്റെ പകര്‍പ്പും ഇടതുപക്ഷം വ്യാപകമായാണ് പ്രചരിപ്പിക്കുന്നത്. സാക്ഷി എങ്ങനെ പ്രതിയാകും എന്നതാണ് ഭരണപക്ഷത്തിന്റെ പ്രധാന ചോദ്യം? കൊടുത്ത വാര്‍ത്ത പാളിയതിന്റെ ജാള്യത മറയ്ക്കാന്‍ മാധ്യമങ്ങള്‍ വീണ്ടും തെറ്റിധാരണ പരത്തുകയാണെന്നും സി.പി.എം ആരോപിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പുറത്ത് വരുന്ന പല വാര്‍ത്തകള്‍ക്കും ഒരു അടിസ്ഥാനവുമില്ലെന്നതാണ് വാദം. ജലീല്‍ എന്തിന് ക്യാമറ കണ്ണുകളെ ഒളിച്ച് അന്വേഷണ സംഘത്തിന് മുന്നിലെത്തി എന്ന ചോദ്യത്തിന് ‘മാധ്യമങ്ങളെ കാണണമെന്ന് നിയമമുണ്ടോ’ എന്ന മറു ചോദ്യമാണ് സി.പി.എം ഉയര്‍ത്തുന്നത്.

സ്വര്‍ണ്ണക്കടത്തു കേസില്‍ ജലീല്‍ പ്രതിയായില്ലെങ്കില്‍ വലിയ തിരിച്ചടിയാണ് യു.ഡി.എഫിനെയും ഇനി കാത്തിരിക്കുന്നത്. ഇപ്പോള്‍ ബി.ജെ.പിയെക്കാള്‍ ജലീല്‍ പ്രതിയാകേണ്ടത് യു.ഡി.എഫിനാണ് ആവശ്യം. വിശുദ്ധ ഖുറാനെ അവഹേളിക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും സമരം ചെയ്യുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഖുറാന്‍ കൈപ്പറ്റിയതില്‍ ചട്ട ലംഘനത്തിന് ജലീലിനെതിരെ കേസെടുത്താല്‍ പോലും അത് ആത്യന്തികമായി ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഒരു രക്ത സാക്ഷി ‘പരിവേഷം’ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ജലീലിന് ലഭിക്കാന്‍ ഇത്തരം നടപടി കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഖുറാന്‍ വിതരണം ചെയ്തതിന്റെ പേരില്‍ ജലീലിനെ കടന്നാക്രമിക്കാന്‍ ലീഗിനും പരിമിതിയുണ്ട്. അതു കൊണ്ടാണ് അവര്‍ ഖുറാന്റെ മറവില്‍ ജലീല്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, ഇക്കാര്യം പാണക്കാട്ടെ തങ്ങള്‍ ഖുറാന്‍ തൊട്ട് പരസ്യമായി പറഞ്ഞാല്‍ പൊതു ജീവിതം തന്നെ അവസാനിപ്പിക്കാമെന്നതാണ് ജലീലിന്റെ നിലപാട്. മന്ത്രിയുടെ ഈ നിലപാടോടെ ഇടിവെട്ടേറ്റ അവസ്ഥയിലാണിപ്പോള്‍ ലീഗ് നേതൃത്വം. മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ ഇതേ കുറിച്ച് ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. പാണക്കാട്ടെ മറ്റു തങ്ങള്‍മാരും മൗനത്തിലാണ്. ജലീലിന്റെ ഈ മാസ് ഡയലോഗ് തിരഞ്ഞെടുപ്പ് വേദികളിലും ഇനി ലീഗിനെ ചുട്ടുപൊള്ളിക്കും. തങ്ങന്‍മാര്‍ക്ക് പോലും വിശ്വാസമില്ലാത്ത കാര്യങ്ങളാണ് ലീഗും കോണ്‍ഗ്രസ്സും പ്രചരിപ്പിക്കുന്നതെന്നാണ് ഇടതുപക്ഷം തുറന്നടിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിലെ കോ- ലീ – ബീ സഖ്യം പൊതുതിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന പ്രചരണവും അവര്‍ നടത്തുന്നുണ്ട്. സത്യത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം.

വിശ്വാസികള്‍ക്കിടയില്‍ എതിര്‍വികാരം വരുമോയെന്നതാണ് പ്രധാന ഭയം. ഇതിനകം തന്നെ ഒരു പ്രമുഖ സാമുദായിക സംഘടനയുടെ നേതൃത്വം പ്രക്ഷോഭത്തെ തള്ളി രംഗത്ത് വന്നിട്ടുണ്ട്. സൂക്ഷിച്ച് ഇടപെട്ടില്ലെങ്കില്‍ സ്വന്തം അടിവേരാണ് തകരുകയെന്ന മുന്നറിയിപ്പ് പഴയകാല ലീഗ് നേതാക്കളും ഇതിനകം തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഖുറാന്‍ ഏറ്റുവാങ്ങിയതെന്നാണ് ജലീലിന്റെ നിലപാട്. ജലീല്‍ ഖുറാന്‍ ഏറ്റു വാങ്ങിയില്ലെങ്കില്‍ എന്താകും സ്ഥിതി എന്ന് ആലോചിച്ച് നോക്കണമെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുള്ളയും ആവശ്യപ്പെട്ടിരിക്കുന്നത്. അത്തരമൊരു അവസ്ഥ ഉണ്ടായിരുന്നെങ്കില്‍ ജലീലും സി.പി.എമ്മും വിമര്‍ശനം നേരിടേണ്ടി വരുമായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഖുറാന്‍ വിതരണം ചെയ്തതടക്കം ചൂണ്ടിക്കാട്ടി എന്ത് നടപടിയുണ്ടായാലും നേരിടാന്‍ തന്നെയാണ് ജലീലിന്റെ തീരുമാനം. മന്ത്രിയുടെയും സി.പി.എമ്മിന്റെയും ഈ നിലപാടാകട്ടെ തന്ത്രപരവുമാണ്.

ന്യൂനപക്ഷ വോട്ടുകളുടെ പിന്‍ബലത്തിലാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റും യു.ഡി.എഫ് നേടിയിരുന്നത്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും യു.ഡി.എഫിന് ഗുണമായിരുന്നു. രാഹുലിന്റെ പ്രചരണ റാലിയിലെ മുസ്ലീം ലീഗ് പതാകകളെ പാക്ക് പതാകകളാട് ഉപമിച്ചാണ് ബി.ജെ.പിയും ഉത്തരേന്ത്യയില്‍ നേട്ടമുണ്ടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജലീലിനും പിണറായി സര്‍ക്കാറിനുമെതിരെ കാവിയും പച്ചയുമെല്ലാം ഒരുമിച്ചാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഈ ഒരുമ ഖുറാന്‍ കൊണ്ടു വന്നതിനെതിരെയാണ് എന്നതാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. സ്വന്തം സമുദായം തന്നെ ലീഗിനെ കൈവിടുമെന്ന ആത്മവിശ്വാസമാണ് ഇപ്പോള്‍ ചെമ്പടക്കുള്ളത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ അണിനിരന്ന പ്രക്ഷോഭം നടത്തിയിരുന്നതും ഇടതുപക്ഷമാണ്. കേരളത്തില്‍ തീര്‍ത്ത മനുഷ്യശൃംഖലയില്‍ 80 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തിരുന്നത്. മുസ്ലിം ലീഗ് അനുകുല സമസ്ത പ്രവര്‍ത്തകര്‍ പരസ്യമായാണ് മനുഷ്യശൃംഖലയില്‍ പങ്കാളിയായിരുന്നത്.

മുസ്ലീം ലീഗും കോണ്‍ഗ്രസ്സും വിട്ടു നിന്നിട്ടു പോലും അവരുടെ അനവധി അനുയായികളാണ് മഹാശൃംഖലയില്‍ കണ്ണികളാകാന്‍ മുന്നോട്ട് വന്നിരുന്നത്. ചില പ്രാദേശിക നേതാക്കളെ ഇതേ തുടര്‍ന്ന് ലീഗ് പുറത്താക്കിയ സംഭവവുമുണ്ടായി. രാഷ്ട്രീയ തിമിരം ബാധിച്ച ഇത്തരം നിലപാടുകള്‍ക്കെതിരെ ലീഗില്‍ തന്നെ ഭിന്നത രൂക്ഷമാണ്. ലീഗ് ശക്തികേന്ദ്രങ്ങളില്‍ പോലും സി.പി.എം പിടിമുറുക്കുന്ന കാഴ്ചയാണ് മലബാറില്‍ പോലും നിലവിലുള്ളത്. നേതൃരംഗത്ത് തലമുറ മാറ്റം നടക്കാത്തത് യൂത്ത് ലീഗിലും അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുക എന്ന അജണ്ട മാത്രമാണ് നിലവില്‍ ലീഗ് നേതൃത്വത്തിനുള്ളത്. ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി പദത്തിന് വിലപേശാന്‍ വേണ്ടിയാണിത്. അവരുടെ ഈ സ്വപ്നത്തിന് പ്രധാന വില്ലന്‍ കെ.ടി ജലീലാണ്. താനൂര്‍ മോഡലില്‍ മറ്റു ലീഗ് കുത്തക മണ്ഡലങ്ങള്‍ കൂടി വീഴുമോ എന്നതാണ് ഭയം. മലപ്പുറത്ത് ലീഗ് വോട്ട് ബാങ്ക് ഭിന്നിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജലീലിനുള്ളത്. ഈ ഭീഷണി ഒഴിവാക്കാനാണ് ജലീലിനെ ലീഗ് കടന്നാക്രമിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍പ്പെട്ട് ജലീല്‍ രാജിവയ്ക്കുമെന്നായിരുന്നു ലീഗ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷയും അസ്തമിച്ച മട്ടാണ്. ഖുറാനെതിരായ അവഹേളനമായി പ്രക്ഷോഭം ചിത്രീകരിക്കപ്പെട്ടതോടെ തൊടുത്ത ശരം തന്നെ തിരിച്ചു വരുന്ന അവസ്ഥയാണുള്ളത്. സി.പി.എമ്മാകട്ടെ മറ്റു മത വിഭാഗങ്ങളെ കൂടി ചേര്‍ത്ത് പിടിച്ചാണ് പ്രതിരോധം തീര്‍ത്തിരിക്കുന്നത്. കോടിയേരിയുടെ ലേഖനത്തില്‍ തന്നെ ഇക്കാര്യം വ്യക്തവുമാണ്. ഖുറാനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകള്‍ക്ക് ഒരേ നിലപാടാണ് ഉള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ വത്തിക്കാനിലെത്തിയ നായനാര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത് ഭഗവത് ഗീതയായിരുന്നുവെന്നും സി.പി.എം സെക്രട്ടറി ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും നായനാര്‍ക്കൊപ്പമുണ്ടായിരുന്നു. സി.പി.എം സൈബര്‍ ഗ്രൂപ്പുകള്‍ ഇതിന്റെ ഫോട്ടോകളും വ്യാപകമായിപ്പോള്‍ പ്രചരിപ്പിച്ച് വരുന്നുണ്ട്. ഇടതുപക്ഷ ഭരണം അട്ടിമറിക്കാന്‍ ബി.ജെ.പിയെ യു.ഡി.എഫ് കൂട്ടുപിടിക്കുന്നതായ ആരോപണം കൂടുതല്‍ ശക്തമായി ഉയര്‍ത്താന്‍ തന്നെയാണ് സി.പി.എം തീരുമാനം. സ്വര്‍ണ്ണക്കടത്തു കേസില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഡി.വൈ.എഫ്.ഐയും തീരുമാനിച്ചിട്ടുണ്ട്.

Top