പറയേണ്ടത് പാര്‍ട്ടിയില്‍; കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: പാർട്ടി വിമർശനങ്ങൾ പൊതുവേദിയിൽ പറഞ്ഞ കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണ്. ഷാജി വിദേശത്തുനിന്ന് എത്തിയാലുടൻ ഇതേക്കുറിച്ച് നേതൃത്വം സംസാരിക്കും. പ്രവർത്തകസമിതി യോഗത്തിൽ വിമർശനങ്ങൾ സ്വാഭാവികമാണ്. യോഗത്തിനുശേഷം ഷാജി തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന ലീഗ് പ്രവർത്തകസമിതി യോഗത്തിൽ വിമർശനം ഉയർന്ന സംഭവത്തിൽ പ്രതികരണവുമായി ഷാജി രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വം നേതാക്കളെ തിരുത്തുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു ഷാജിയുടെ ചോദ്യം. അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്നും എന്തു വിമർശനം ഉണ്ടായാലും ശത്രുപാളയത്തിൽ പോകില്ലെന്നും ഷാജി മസ്‌ക്കത്തിലെ ഒരു പരിപാടിക്കിടെ വ്യക്തമാക്കി.

തനിക്കെതിരെ കാര്യമായ വിമർശനം ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ്, വിമർശിച്ചാലും അതിലെന്താണ് തെറ്റെന്ന് ഷാജി ചോദിച്ചത്. അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണ്. അത്തരം ഭിന്നതകൾ യഥാസമയം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഷാജി പറഞ്ഞു.

Top