കോഴിക്കോട്ടെ വിമതയോഗം; നേതാക്കളോട് മുസ്ലീ ലീഗ് സംസ്ഥാനഘടകം വിശദീകരണം തേടി

കോഴിക്കോട്: കോഴിക്കോട് മുസ്ലീം ലീഗ് ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമതയോഗം ചേര്‍ന്ന നേതാക്കളോട് സംസ്ഥാനഘടകം വിശദീകരണം തേടി. സംസ്ഥാന കൗണ്‍സില്‍ അംഗം കെ കോയ, ജില്ലാ നേതാക്കളായ സി പി ഉസ്മാന്‍, കെ സി അബ്ദുള്ളക്കോയ എന്നിവര്‍ വിശദീകരണം നല്‍കണം.

ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിക്ക് എതിരെയാണ് വിമതര്‍ യോഗം ചേര്‍ന്നത്. തര്‍ക്കം എത്രയും വേഗം പരിഹരിക്കണമെന്ന് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ നേതൃസ്ഥാനങ്ങളെ ചൊല്ലിയാണ് ലീഗില്‍ തര്‍ക്കം. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിയെ ഒരു വിഭാഗം നേതാക്കള്‍ അംഗീകരിക്കുന്നില്ല.

നേതാക്കള്‍ക്കിടയിലെ തര്‍ക്കം കോഴിക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പോലും ബാധിച്ചെന്ന് ലീഗ് സംസ്ഥാന നേതൃത്വവും വിലയിരുത്തി. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിന്റെ മണ്ഡലത്തിലെ വിമതനീക്കം ഉടന്‍ പരിഹരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിക്കുള്ള നിര്‍ദേശം.

Top