ലീഗിനെ തകര്‍ക്കാന്‍ വ്യാമോഹിക്കേണ്ട, വര്‍ഗീയത ആരോപിക്കുന്നത് ബോധപൂര്‍വമെന്ന് മറുപടി

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ്. ജനങ്ങള്‍ നേരിടുന്ന പ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമമെന്നും അതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ലീഗിനു മേല്‍ ഉന്നയിക്കുന്നതെന്നും മുസ്‌ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു.

മുസ്ലിം ലീഗിന്റെ മതേതര മുഖം തകര്‍ക്കാനാകില്ലെന്നും ആരോപണങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ തളര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ ലേഖനത്തിന്റെ ഉദ്ദേശ്യവും ഇതാണെന്നും ലീഗിനുമേല്‍ വര്‍ഗീയത ആരോപിക്കുന്നത് ബോധപൂര്‍വമെന്നും പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു.

സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് മുസ്ലിം ലീഗിനെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കോടിയേരി ബാലകൃഷ്ണന്‍ കടന്നാക്രമിച്ചത്. രാഹുല്‍ ഗാന്ധിയും കൂട്ടരും ഹിന്ദുവികാരം ആളിക്കത്തിച്ചും ലീഗ് മുസ്ലിം വര്‍ഗീയത പടര്‍ത്തിയും നേട്ടമുണ്ടാക്കാമോ എന്ന പരീക്ഷണത്തിലാണെന്ന് ലേഖനത്തില്‍ പറയുന്നു.

ജിന്നയുടെ ലീഗിന്റെ അക്രമ ശൈലിയാണ് മുസ്ലിം ലീഗ് ഇന്ന് കേരളത്തില്‍ പിന്തുടരുന്നത്. 1946 ല്‍ ബംഗാളിനെ വര്‍ഗീയലഹളയിലേക്ക് നയിച്ചത് ലീഗാണ്. ലീഗ് കാളക്കൂട വിഷം ചീറ്റുന്നു. കോഴിക്കോട്ടെ റാലിയില്‍ പച്ച വര്‍ഗീയത പറയുന്നത് ഇതിന് തെളിവാണ്. കേരളം വര്‍ഗീയ ലഹളയിലേക്ക് വീഴാത്തത് എല്‍ഡിഎഫ് ഭരണമായതിനാലെന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു.

Top