മലപ്പുറത്ത് ‘കളം’ പിടിച്ച് എസ്.എഫ്.ഐ ! അന്തം വിട്ട് യു.ഡി.എഫ്, ലീഗ് നേതൃത്വം

ലപ്പുറം ലോക്‌സഭ മണ്ഡലം മുസ്ലീം ലീഗിനെ സംബന്ധിച്ച് പൊന്നാനിയെ പോലെ ഒരു പൊന്നാപുരം കോട്ടയാണ്. ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് അഹങ്കരിച്ച ഈ കോട്ട മുന്‍പ് മഞ്ചേരി ആയിരുന്നപ്പോള്‍ പൊളിച്ചടുക്കിയിട്ടുണ്ട് ടി.കെ.ഹംസ എന്ന കമ്യൂണിസ്റ്റ്.

അന്നത്തെ ആ ഷോക്കില്‍ നിന്നും വിമുക്തമാവാന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടി വന്നു മുസ്ലീം ലീഗിന്.

ഇപ്പോള്‍ മലപ്പുറം ആയി രൂപാന്തരം പ്രാപിച്ച ഈ ലോക്‌സഭ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇറങ്ങുമ്പോള്‍ തളക്കാനാണ് ഇടതു സ്ഥാനാര്‍ത്ഥി വി.പി സാനുവിന്റെ പുറപ്പാട്.

എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ സാനുവിനു വേണ്ടി സംസ്ഥാത്തെ വിവിധ ജില്ലകളിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മലപ്പുറത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥി കേഡര്‍മാര്‍ വീടുകളില്‍ കയറി നടത്തുന്ന വോട്ടഭ്യര്‍ത്ഥനയാണ് ലീഗിനെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.

sfi

പെണ്‍കുട്ടികളടക്കമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചെറു സംഘങ്ങളായി തിരിഞ്ഞാണ് വീടുകളില്‍ പ്രചരണം നടത്തുന്നത്. സാനുവിന് ഒരു വോട്ട് ഉറപ്പിച്ചേ വീട്ടില്‍ നിന്നിറങ്ങൂ എന്ന വാശിയില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളാണ് മലപ്പുറം എന്ന ലീഗ് കോട്ടയെ പിടിച്ചുലക്കുന്നത്.

മുന്‍പ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലം കുത്തകയാക്കി വച്ചിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ മലര്‍ത്തിയടിച്ച് എ.പി.അബ്ദുള്ളക്കുട്ടിക്ക് അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞതില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമായിരുന്നു.
അന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നു അബ്ദുള്ളക്കുട്ടി.

1984,89,91,96,98 കാലഘട്ടങ്ങളിലായി തുടര്‍ച്ചയായി 5 തവണ മുല്ലപ്പള്ളി വിജയിച്ച ഉരുക്കു കോട്ട പൊളിച്ചടുക്കി അത്ഭുത കുട്ടിയായാണ് അബ്ദുള്ളക്കുട്ടി കന്നി വിജയം നേടിയിരുന്നത്. പിന്നീട് 2004 ലെ തിരഞ്ഞെടുപ്പിലും ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതും അബ്ദുള്ളക്കുട്ടിയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് സി.പി.എം അബ്ദുള്ള കുട്ടിയെ പുറത്താക്കുകയായിരുന്നു.

അബ്ദുള്ളക്കുട്ടിക്ക് വേണ്ടി കണ്ണൂരില്‍ ക്യാംപ് ചെയ്ത് വിദ്യാര്‍ത്ഥി പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.രാജീവുമായിരുന്നു. രാജീവിപ്പോള്‍ എറണാകുളത്ത് നിന്നും ജനവിധി തേടുമ്പോള്‍ അവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ കേഡര്‍മാര്‍ ഉള്‍പ്പെടെ മലപ്പുറത്ത് സാനുവിന്റെ പ്രചരണത്തില്‍ സജീവമാണ്.

v p sanu

എസ്.എഫ്.ഐ പ്രചരണത്തെ കുട്ടികളുടെ കുട്ടികളിയായി കണ്ട് പരിഹസിച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് കണ്ണൂരില്‍ മുല്ലപ്പള്ളി വീണതോടെയാണ് എസ്.എഫ്.ഐയുടെ കരുത്ത് മനസ്സിലക്കാന്‍ കഴിഞ്ഞിരുന്നത്.

സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനത്തിനും കടന്ന് കയറാന്‍ കഴിയാത്ത മേഖലകളില്‍ കടന്നു കയറി അബ്ദുള്ളക്കുട്ടിക്ക് വോട്ട് ഉറപ്പിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ അന്ന് കഴിഞ്ഞിരുന്നു.

ഇതിനു സമാനമായ പ്രവര്‍ത്തനങ്ങള്‍ മലപ്പുറത്തും വിദ്യാര്‍ത്ഥി സഖാക്കള്‍ നടത്തുമ്പോള്‍ അതിനെ മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫും ഇപ്പോള്‍ ഗൗരവമായാണ് കാണുന്നത്.

കുട്ടിക്കളിയായി എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രചരണത്തെ കണ്ടാല്‍ ‘പണി’ പാളുമെന്ന് സാക്ഷാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ കുഞ്ഞാലിക്കുട്ടിയെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

sanu v p

മത്സരം കടുപ്പമാണെന്ന തിരിച്ചറിവില്‍ മുസ്ലീം ലീഗും സര്‍വ്വ ശക്തിയുമെടുത്താണ് പ്രചരണം കൊഴുപ്പിക്കുന്നത്. എസ്.എഫ്.ഐക്ക് ബദലായി എം.എസ്.എഫിനെ പ്രചരണ രംഗത്ത് ഇറക്കിയിട്ടുണ്ടെങ്കിലും ബഹുദൂരം പിന്നിലാണ് ലീഗിന്റെ ഈ വിദ്യാര്‍ത്ഥി സംഘടന.

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ എന്തായാലും കുഞ്ഞാലിക്കുട്ടിക്ക് കഴിയുമോ എന്ന സംശയം യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ഇടതുപക്ഷമാകട്ടെ മണ്ഡലം ആകെ ഇളക്കിമറിച്ച് പാകപ്പെടുത്തി കഴിഞ്ഞെന്നും വലിയ അട്ടിമറി ഉണ്ടാകുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ്. എസ്.എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രചരണം സിപിഎം അണികള്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്.

മുത്തലഖ് ബില്ല് ചര്‍ച്ച ചെയ്യുന്ന സമയത്ത് പാര്‍ലമെന്റില്‍ നിന്നും വിട്ട് നിന്ന നടപടി കുഞ്ഞാലിക്കുട്ടിക്കെതിരായ വികാരമായി മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ വോട്ടര്‍മാരോട് എങ്ങനെ വിശദീകരിക്കണം എന്നറിയാതെ കുഴങ്ങുകയാണ് ലീഗ് അണികള്‍.

muslim league

രാഹുല്‍ എഫക്ട് മലപ്പുറത്തും ഉണ്ടാകുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സുകാരോട് വയനാട്ടില്‍ ഇല്ലാത്ത എഫക്ട് ആണോ മലപ്പുറത്ത് കൊണ്ടുവരുന്നതെന്ന മറു ചോദ്യമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ വിജയിക്കാന്‍ രാഹുലിനെ ആശ്രയിക്കേണ്ടി വരുന്നത് ലീഗിന്റെ ഗതികേടാണെന്നാണ് സി.പി.എം പ്രവര്‍ത്തകരും തുറന്നടിക്കുന്നത്.

അതേസമയം, മലപ്പുറത്തെ പച്ചപ്പ് ചുവപ്പിന് വഴിമാറിയാലും ഇല്ലങ്കിലും അത് മങ്ങുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും മറിച്ചൊരഭിപ്രായമില്ല എന്നതും ഒരു യാതാര്‍ത്ഥ്യമാണ്.

Top