മുസ്ലീം ലീഗിന്റെ ‘പൊന്നാപുരം കോട്ടകൾ’ സമസ്തയുടെ കോപത്തിൽ ‘ഉരുകുമോ’

ലബാറിലെ രാഷ്ട്രീയം ഇപ്പോള്‍ കലങ്ങിമറിയുകയാണ്. മുസ്ലിംലീഗ് ശക്തികേന്ദ്രമായ മലപ്പുറത്തെ സി.പി.എം ജില്ലാ സമ്മേളനത്തില്‍ മൂന്ന് ദിവസവും പങ്കെടുത്തിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ലീഗ് കോട്ടകള്‍ ചുവപ്പിക്കുന്നതിനുള്ള രാഷ്ട്രീയ തീരുമാനം എടുത്താണ് സമ്മേളന പ്രതിനിധികള്‍ പിരിഞ്ഞിരിക്കുന്നത്. സി.പി.എം ജില്ലാ സമ്മേളനം നടന്നു കൊണ്ടിരിക്കെയാണ് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുനേരെയുള്ള വധഭീഷണിയും വെളിവാക്കപ്പെട്ടിരുന്നത്.

ഉടനെതന്നെ മിന്നല്‍ വേഗത്തിലാണ് സി.പി.എം വിഷയത്തില്‍ ഇടപെട്ടിരുന്നത്. മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സമസ്ത നേതൃത്വവുമായി ബന്ധപ്പെട്ട് സകല പിന്തുണയും വാഗ്ദാനം ചെയ്യുകയുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സുരക്ഷ ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കുകയുണ്ടായി. പിണറായി സര്‍ക്കാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ ഭീഷണിക്ക് കാരണമെന്നതാണ് സി.പി.എം വിലയിരുത്തുന്നത്.

വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമസ്ത നേതൃത്വം ലീഗിനെ തള്ളി സര്‍ക്കാറിനെ വിശ്വാസത്തിലെടുത്തത് വലിയ വിവാദമാണ് സൃഷ്ടിച്ചിരുന്നത്. ലീഗ് പ്രക്ഷോഭത്തിന്റെ മുനയാണ് ജിഫ്രി തങ്ങള്‍ ഒടിച്ചു കളഞ്ഞിരുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ലീഗിന്റെ കൂട്ടുകെട്ടും സമസ്തയെ പ്രകോപിപ്പിച്ച ഘടകമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യശൃംഘലയിലും സമസ്ത പങ്കെടുത്തിരുന്നു. ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവമായിരുന്നു ഇത്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ലീഗ് മേധാവിത്വം നിലനിര്‍ത്തിയെങ്കിലും ഇടതുപക്ഷം വോട്ടിങ്ങ് നിലയില്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരുന്നത്. താനൂര്‍ നിലമ്പൂര്‍ പൊന്നാനി തവനൂര്‍ സീറ്റുകള്‍ പ്രതികൂല സാഹചര്യത്തിലും നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. പെരിന്തല്‍മണ്ണയില്‍ കേവലം 38 വോട്ടുകള്‍ക്ക് മാത്രമാണ് ഇടതുപക്ഷം പരാജയപ്പെട്ടിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പൊന്നാനി ലോകസഭ മണ്ഡലത്തില്‍ പതിനായിരം വോട്ടിന്റെ മുന്‍തൂക്കം മാത്രമാണ് യു.ഡി.എഫിനുള്ളത്. അതായത് ഇടതുപക്ഷം ഒന്ന് ആഞ്ഞുപിടിച്ചാല്‍ പൊന്നാനിയും ചുവപ്പണിയുമെന്ന് ഉറപ്പ്. ലീഗിന്റെ ചങ്കിടിപ്പിക്കുന്ന കണക്കുകളാണിത്.

ഈ ഒരു സാഹചര്യത്തില്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സമസ്തയെ വരുതിയിലാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഭീഷണിയെന്നാണ് സി.പി.എം നേതൃത്വവും കരുതുന്നത്. സമസ്തയുടെ പിന്‍തുണ ഇല്ലങ്കില്‍ മുസ്ലീം ലീഗിന്റെ അടിത്തറയാണ് തകരുക. അക്കാര്യത്തില്‍ ഒരു ലീഗ് നേതാവിനും സംശയം ഉണ്ടാകാനും സാധ്യതയില്ല. എന്നും ലീഗിന്റെ മറപറ്റി നില്‍ക്കാന്‍ സമസ്ത ആഗ്രഹിക്കുന്നില്ല. സര്‍ക്കാറുമായി എത് വിഷയം ചര്‍ച്ച ചെയ്യാനും ഇന്ന് അവര്‍ക്ക് ലീഗിന്റെ ആവശ്യമില്ല.

സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ യു.ഡി.എഫിനേക്കാള്‍ സമസ്തക്ക് വിശ്വാസവും ഇടതുപക്ഷത്തോടാണ്. പാണക്കാട് തങ്ങള്‍ മാര്‍ക്ക് മുന്‍പ് സമസ്തയില്‍ ഉണ്ടായിരുന്ന സ്വാധീനം സാദിഖലി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഇന്നില്ല. ഇതും ലീഗ് നേരിടുന്ന വലിയ പ്രതിസന്ധിയാണ്. എല്ലാറ്റിനും കാരണക്കാരനായി ലീഗിലെ ഒരു വിഭാഗം നോക്കി കാണുന്നത് ജിഫ്രി തങ്ങളെയാണ്. ഇതോടെയാണ് തനിക്കെതിരായ വധഭീഷണി അദ്ദേഹം തന്നെ ഇപ്പോള്‍ തുറന്നു പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്.

‘ജമാഅത്തെ ഇസ്ലാമിയുടെ കളരിയില്‍ അംഗത്വമെടുത്ത ലീഗ് സംഘപരിവാരത്തിന്റെ ശൈലിയിലേക്ക് നീങ്ങുകയാണെന്നാണ്’ ഇതേകുറിച്ച് സി.പി.എം തുറന്നടിച്ചിരിക്കുന്നത്. മതനിരപേക്ഷതയ്ക്കും സഹിഷ്ണുതയാര്‍ന്ന മതസംസ്‌കാരത്തിനും നേരെയുള്ള വെല്ലുവിളിയാണിതെന്നും സമാദരണീയനായ മതപണ്ഡിതനുനേരെയുള്ള ഇപ്പോഴത്തെ കൊലവിളി ഇതിന്റെ ആദ്യ സൂചനയാണെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നത്. യൂദാസ് അരിവാള്‍ തങ്ങള്‍ കമ്യൂണിസ്റ്റ് മൗലവി എന്നൊക്കെ പറഞ്ഞ് ജിഫ്രി തങ്ങളെ അധിക്ഷേപിക്കുന്നതിലും ശക്തമായ പ്രതിഷേധമാണ് സി.പി.എമ്മിനുള്ളത്. മുസ്ലീംലീഗ് നേതൃത്വം അണികളെ നിലക്ക് നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഡി.വൈ.എഫ്.ഐയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ വിഷയങ്ങള്‍ക്കും അപ്പുറത്ത് മത രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ലീഗില്‍ ‘കൂടി’ വരികയാണെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണിക്ക് പിന്നില്‍ ലീഗാണെന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് തുറന്നടിച്ചിരിക്കുന്നത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഭീഷണിപ്പെടുത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും നോക്കി നില്‍ക്കില്ലന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതോടെ ആകെ പെട്ടുപോയ അവസ്ഥയിലാണിപ്പോള്‍ മുസ്ലീംലീഗുള്ളത്.

EXPRESS KERALA VIEW

Top