‘ലീഗ് – സമസ്ത പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും; ഇടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്:  മുസ്ലീം ലീഗ് – സമസ്ത പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. ആശയ വിനിമയത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നതെന്നും എന്താണ് സംഭവിച്ചത് എന്ന് ചര്‍ച്ച ചെയ്യുമെന്നും ഇടി മുഹമ്മദ് ബഷീര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. പത്രമാധ്യമങ്ങളില്‍ കാണുന്ന പോലെയുള്ള തര്‍ക്കങ്ങള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അസ്വാരസ്യങ്ങള്‍ ഇല്ലാതെ സൗഹാര്‍ദപരമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് സമവായം ഉണ്ടാക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

തട്ടം വിവാദത്തില്‍ പിഎംഎ സലാം നടത്തിയ സമസ്ത വിമര്‍ശനത്തിനു പിന്നാലെ സമസ്ത-ലീഗ് ബന്ധം വഷളായ സാഹചര്യത്തിലാണ് സലാമിനെ പിന്തുണച്ചുകൊണ്ട് ഇടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തിയത്. സമസ്ത – ലീഗ് തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച വേണമെന്നും എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത്പരിഹരിക്കണമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വാര്‍ത്തകളെ കണ്ടില്ലെന്ന് നടിച്ച് പോകാന്‍ ആകില്ല. മനസ്സ് തുറന്ന് സംസാരിക്കാന്‍ ലീഗ് തയ്യാറാണ്. അത്തരമൊരു മനസ്സ് സമസ്തക്കും ഉണ്ടെന്നാണ് പ്രതീക്ഷയെന്നും ഇടി പ്രത്യാശ പ്രകടിപ്പിച്ചു.

Top