‘കളമശ്ശേരിയെ’ ചൊല്ലി മുസ്ലീംലീഗിൽ പടയൊരുക്കം, തങ്ങൾക്ക് തെറ്റുപറ്റിയെന്ന്

റ്റവും തിളര്‍ക്കമാര്‍ന്ന വിജയമാണ് കളമശ്ശേരി മണ്ഡലത്തില്‍ പി.രാജീവ് നേടിയിരിക്കുന്നത്. 10, 850 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ സി.പി.എം നേതാവ് വിജയിച്ചിരിക്കുന്നത്. മുസ്ലീംലീഗിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്. ചോദിച്ച് വാങ്ങിയ തിരിച്ചടി കൂടിയാണിത്. സിറ്റിംഗ് എംഎല്‍എ ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയായിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചിരുന്നത്. പാര്‍ട്ടിയില്‍ എതിര്‍പ്പുയര്‍ന്നിട്ടും ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ വലിയ പിഴവ് പറ്റിയിരിക്കുന്നത് മുസ്ലീംലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ 12118 വോട്ടുകള്‍ക്ക് ഇബ്രാഹിം കുഞ്ഞ് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി വിജയം ലക്ഷ്യമിട്ടു തന്നെയാണ് പി.രാജീവിനെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ രാജീവ് കാഴ്ചവച്ച പ്രവര്‍ത്തനങ്ങളും ജനങ്ങളെ ഏറെ സ്വാധീനിച്ച ഘടകമാണ്. രാജ്യസഭയില്‍ രാഷ്ട്രീയ എതിരാളികളുടെ പോലും അഭിനന്ദനം ലഭിച്ച രാജീവിന് കളമശ്ശേരി ജനതയും ഇപ്പോള്‍ കൈ കൊടുത്തിരിക്കുകയാണ്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ നിരവധി തവണ പൊലീസ് മര്‍ദ്ദനങ്ങള്‍ക്കും രാജീവ് വിധേയനായിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനാല്‍ ഇത്തവണ മന്ത്രിസഭയില്‍ എത്താനും സാധ്യത ഏറെയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ എറണാകുളത്ത് നിന്ന് മന്ത്രി ഇല്ലാതിരുന്നതിനാല്‍ ഇത്തവണ തീര്‍ച്ചയായും എറണാകുളത്തിന് പരിഗണന നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം രാജീവ് മന്ത്രിയാകുമെന്ന പ്രചരണം ചതിച്ചതായാണ് ലീഗ് നേതാക്കള്‍ വാദിക്കുന്നത്. എന്നാല്‍ ഇതിനെ മറുവിഭാഗം ശക്തമായി എതിര്‍ക്കുകയാണ്. വി.ഇ അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വം വിജയ സാധ്യതയെ ബാധിച്ചു എന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇത് വരും ദിവസങ്ങളില്‍ മുസ്ലീംലീഗില്‍ വലിയ പൊട്ടിത്തെറിക്കാണ് കളമൊരുക്കുക. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാണക്കാട് തങ്ങളെ സന്ദര്‍ശിച്ചവര്‍ വീണ്ടും സംഘടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. സംസ്ഥാന ഭരണം കൂടി കിട്ടാക്കനിയായി മാറിയ സാഹചര്യത്തില്‍ പാളയത്തിലെ പട മുസ്ലീം ലീഗിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്.

 

Top