muslim league panic about KM Mani issue

മലപ്പുറം: കേരള കോണ്‍ഗ്രസ്സ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ ഒരുങ്ങുന്നതില്‍ ചങ്കിടിച്ച് മുസ്ലീംലീഗ്.

ഇടതുപക്ഷ മുന്നണിയില്‍ നിന്നും വ്യത്യസ്തമായി ശക്തരായ ഘടകകക്ഷികളുള്ള യുഡിഎഫിന്റെ ഇടത് ചിറകായി മുസ്ലീംലീഗും വലത് ചിറകായി കേരള കോണ്‍ഗ്രസ്സും ഉള്ളപ്പോള്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയ സാഹചര്യത്തില്‍ മാണിയില്ലാതെ നിയമസഭാ ഭരണം സ്വപ്നം പോലും കാണാന്‍ പറ്റില്ലെന്നതാണ് ലീഗ് നേതൃത്വത്തിനെ പരിഭ്രാന്തിയിലാക്കുന്നത്.

മാണിയോട് മുന്നണി വിടരുതെന്ന് അഭ്യര്‍ത്ഥിച്ച കുഞ്ഞാലിക്കുട്ടി ശുഭാപ്തി വിശ്വാസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചതെങ്കിലും വിഷയത്തിന്റെ ഗൗരവം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പരിശോധിക്കേണ്ടതുണ്ടെന്ന് കൂടി വ്യക്തമാക്കിയത് മാണി പറയുന്ന കാര്യങ്ങളില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ടെന്ന സമ്മതിക്കലായിട്ടാണ് രാഷ്ട്രീയനിരീക്ഷകരും കാണുന്നത്.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ സംസ്ഥാന ഭരണം മാറുന്ന പതിവ് മാണിയുടെ പിന്‍മാറ്റത്തോടെ നഷ്ടമാകുമെന്ന ഭീതിയിലാണ് മുസ്ലീംലീഗ്.

ഇടതുപക്ഷത്തേക്കായാലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്കായാലും മാണിയുടെ ചുവട് മാറ്റം ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ലീഗ് നേതാക്കളുടെ കണക്ക്കൂട്ടല്‍.

ഇത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യതക്ക് തിരിച്ചടി മാത്രമല്ല ഭരണം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയപരമായി മുസ്ലീംലീഗിന്റെ നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്തുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

അതുകൊണ്ട് തന്നെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി മാണി ഇരുന്നാലും അദ്ദേഹത്തെ പ്രകോപിപ്പിക്കരുതെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ലീഗ് നേതൃത്വം അവതരിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ചയോടെ കേരള കോണ്‍ഗ്രസ്സിന്റെ നിലപാട് ചരല്‍ക്കുന്നില്‍ നിന്ന് പുറത്ത് വരും.

ലീഗിന്റെ കടുത്ത എതിരാളിയായ കെ ടി ജലീലിന് നേരത്തെ മൂന്ന് ലീഗ് മന്ത്രിമാര്‍ വഹിച്ചിരുന്ന വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ഇടതുപക്ഷം മന്ത്രി പദവിയില്‍ അവരോധിച്ചതും ജില്ലയില്‍ നിന്ന് തന്നെയുള്ള ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കിയതുമെല്ലാം തങ്ങളുടെ ശക്തി കേന്ദ്രത്തില്‍ വിള്ളലുണ്ടാക്കുന്ന നടപടിയുടെ ഭാഗമായാണ് ലീഗ് നേതൃത്വം കാണുന്നത്.

ഈ വെല്ലുവിളി നേരിടാന്‍ സംഘടനാ തലത്തില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് അനുയായികള്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് ലീഗ് നേതൃത്വം ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അധികാരമില്ലെങ്കില്‍ നിലനില്‍ക്കാന്‍ പറ്റില്ലെന്ന് ലീഗ് അണികള്‍ക്ക് തന്നെ ബോധ്യമുള്ളതിനാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്ന പ്രചാരണം പോലും ലീഗിന്റെ അടിത്തറയിളക്കാന്‍ വഴിമരുന്നിടുമെന്നാണ് നേതൃത്വം ഭയക്കുന്നത്.

കോട്ടയം, പത്തനംതിട്ട , ഇടുക്കി , ജില്ലകളില്‍ ശക്തമായ സ്വാധീനമുള്ള കേരള കോണ്‍ഗ്രസിന് എറണാകുളം ജില്ലയിലും തൃശ്ശൂര്‍ ജില്ലയിലെ ചില ഭാഗങ്ങളിലും മോശമല്ലാത്ത സ്വാധീനമുണ്ട്.

മുസ്ലീം ലീഗിനാവട്ടെ മലബാര്‍ മേഖലയിലാണ് യഥാര്‍ത്ഥ ശക്തി.

മധ്യമേഖലയില്‍ കേരളകോണ്‍ഗ്രസ്സും മലബാറില്‍ മുസ്ലീംലീഗും ഉള്ളതുകൊണ്ട് മാത്രമാണ് യുഡിഎഫിന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞിരുന്നത്.

ഈ യാഥാര്‍ത്ഥ്യം ഏറ്റവും അധികം അറിയുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ‘മാണി പ്രശ്‌നം’ പരിഹരിക്കാന്‍ ആവശ്യമായ ‘ ഫോര്‍മൂല ‘ ഉണ്ടാക്കാതിരുന്നതില്‍ ലീഗ് നേതൃത്വത്തിന് കടുത്ത നീരസമുണ്ട്.

പ്രതിപക്ഷ നേതൃപദവിയും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും കൈപ്പിടിയിലൊതുക്കിയ രമേശ് ചെന്നിത്തലയുടെ നിലപാടാണ് പെട്ടന്നുള്ള പൊട്ടിത്തെറിക്ക് കാരണമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

ബാര്‍ കോഴയില്‍ തന്നെ കേസില്‍ കുരുക്കിയതുമായി ബന്ധപ്പെട്ട് ചെന്നിത്തലയുമായി നിരസത്തിലായിരുന്ന മാണിയോട് ആലോചിക്കാതെ ചെന്നിത്തലയെ യുഡിഎഫ് ചെയര്‍മാനാക്കിയ നടപടി ശരിയായില്ലെന്ന നിലപാടും ലീഗിനകത്തുണ്ട്.

ചരല്‍ക്കുന്ന് ക്യാമ്പില്‍ മാണി എന്ത് തീരുമാനമെടുത്താലും വിടാതെ പിന്‍തുടര്‍ന്ന് അനുനയിപ്പിക്കാന്‍ തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

ആവശ്യമെങ്കില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റുമായി നേരിട്ട് ചര്‍ച്ച നടത്താനും ലീഗ് നേതൃത്വം മുന്‍ കൈ എടുക്കും.

Top