കോൺഗ്രസിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം

കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രത്തിൽ കോൺഗ്രസിനെതിരെ വിമർശനം. ഹിമാചൽ ഫലം കെപിസിസി വിലയിരുത്തണമെന്ന് ലേഖനത്തിൽ പറയുന്നു. അടിത്തട്ടിലെ കെട്ടുറപ്പ് പ്രധാനമാണ്. പരസ്പരം പഴിചാരലും വെട്ടി നിരത്തലുമായി മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലുമെന്ന് ഗുജറാത്ത് വ്യക്തമാക്കുന്നതായും ചന്ദ്രികയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസിന്റെ പ്രശ്നമെന്നും വിമർശിക്കുന്നു.

മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിരുദ്ധ പ്രസ്താനകൾ സിപിഎം നിരന്തരം നടത്തുന്നത് യാദൃശ്ചികമായല്ല. ലേഖനം ഗുജറാത്ത് – ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടുള്ളതാണ്. മോദി സ്തുതികളിൽ തൂക്കിവിൽക്കപ്പെടുന്ന ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന നിലയിൽ മാധ്യമ വിമർശനമാണ് തലക്കെട്ടിൽ. എന്നാൽ ഉള്ളടക്കം സ്വന്തം മുന്നണിയെ നയിക്കുന്ന പ്രധാന പാർട്ടിക്കെതിരെയുള്ള വിമർശനമാണ്.

സമകാലിക കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടുകളെ പരോക്ഷമായി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. നിസാർ ഒളവണ്ണ ലീഗ് അനുഭാവിയും മുജാഹിദിന്റെ നേതാവുമാണ്. കോൺഗ്രസിന്റെ അടിത്തട്ടിൽ ഐക്യമില്ലെന്നാണ് ലേഖനം അടിവരയിട്ട് പറയുന്നത്. വളരെ ശക്തമായി ഉയർത്തിയിരിക്കുന്ന വിമർശനങ്ങൾ ഇങ്ങനെ പോയാൽ രക്ഷപ്പെടില്ലെന്ന കോൺഗ്രസിനുള്ള മുസ്ലിം ലീഗിന്റെ മുന്നറിയിപ്പ് കൂടിയായി വിലയിരുത്താം.

Top